ദഹി അല്ല, തൈര്; ഹിന്ദി വാക്കു വേണ്ടെന്ന് തമിഴ്‌നാട്, വീണ്ടും ‘ഭാഷാ യുദ്ധം’

ചെന്നൈ: തൈരിന്റെ പായ്ക്കറ്റിൽ ദഹി എന്ന ഹിന്ദി വാക്ക് പ്രിന്റ് ചെയ്യണമെന്ന, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) നിർദേശം അംഗീകരിക്കില്ലെന്ന് തമിഴ്‌നാട്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.

ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിർദേശം അംഗീകരിക്കില്ലെന്ന് തമിഴ്‌നാട്ടിലെ ക്ഷീരോത്പാദക സഹകരണ പ്രസ്ഥാനമായ ആവിൻ വ്യക്തമാക്കി. അതോറിറ്റിയിൽനിന്ന് ഇത്തരമൊരു നിർദേശം ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന ക്ഷീര വികസന മന്ത്രി എസ്എം നാസർ അറിയിച്ചു.

തൈര് എന്ന തമിഴ് വാക്കു തന്നെയായിരിക്കും പായ്ക്കറ്റിൽ അച്ചടിക്കുകയെന്ന് ആവിൻ അറിയിച്ചു. ഇക്കാര്യം അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഹിന്ദി അടിച്ചേൽപ്പിക്കുന്ന കേന്ദ്ര നയത്തിന്റെ ഭാഗമാണ് അതോറിറ്റിയുടെ നിർദേശമാണ് ഡിഎംകെ കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന ഘടകവും സർക്കുലറിനെ എതിർത്തു. എന്നാൽ പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ ഭാഗമാണ് സർക്കുലർ എന്നാണ് ബിജെപി നിലപാട്.

ദഹി നഹി പോഡ എന്ന ഹാഷ് ടാഗിൽ ഒട്ടേറെ ട്വീറ്റുകൾ അതോറിറ്റി നിർദേശത്തിനെതിരെ വന്നിട്ടുണ്ട്.

Top