നേതാക്കളുടെ മോദി സ്തുതി: സോണിയഗാന്ധിയ്ക്ക് കത്തയച്ച് ടി എന്‍ പ്രതാപന്‍ എംപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്ന വിഷയത്തെക്കുറിച്ച് പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധിയ്ക്ക് കത്തയച്ച് ടി എന്‍ പ്രതാപന്‍ എംപി.

ഏകാധിപത്യത്തിന്റെ എല്ലാ ലക്ഷണങ്ങളും വ്യക്തമാക്കിയ മോദിയെ പ്രശംസിക്കണമെന്ന് പറയുന്ന രാഷ്ട്രീയവ്യവഹാരം അസംബന്ധമാണെന്ന് ടി എന്‍ പ്രതാപന്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പദ്ധതികള്‍ പേര് മാറ്റി നടപ്പാക്കുന്ന മോദിയെ എന്തിനാണ് പ്രശംസിക്കുന്നതെന്ന് ടി എന്‍ പ്രതാപന്‍ കത്തില്‍ സൂചിപ്പിക്കുന്നു.

കോണ്‍ഗ്രസിന്റെ മുന്‍ നേതാക്കളായ ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി തുടങ്ങിയവരെ കരിവാരിത്തേക്കാനാണ് മോദി സര്‍ക്കാര്‍ ഇത്രയും നാള്‍ ശ്രമിച്ചതെന്നും കോണ്‍ഗ്രസിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ മോദി സ്തുതി സഹായിക്കുകയുള്ളുവെന്നും ടിഎന്‍ പ്രതാപന്‍ കത്തില്‍ പറയുന്നു.

നരേന്ദ്രമോദിയെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രശംസിക്കുന്നതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ടി എന്‍ പ്രതാപന്‍ സോണിയാഗാന്ധിയ്ക്ക് കത്തയച്ചത്.

Top