പ്രതിഷേധം തുടരുമെന്ന് ടിഎൻ പ്രതാപൻ; സസ്പെൻഷനിൽ ഭയമില്ലെന്ന് രമ്യ ഹരിദാസ്

ദില്ലി: ജി എസ് ടിക്കെതിരെ പ്രതികരിക്കാതെ ഇരിക്കാൻ വേണ്ടിയാണ് താനടക്കമുള്ള അംഗങ്ങളെ സസ്പെന്റ് ചെയ്തതെന്ന് ടി എൻ പ്രതാപൻ എംപി. ലോക്സഭയിൽ പ്രതിഷേധിച്ചതിന് നാല് പേരെ വർഷ കാല സമ്മേളന കാലം മുഴുവൻ വിലക്കിയത് സാമ്പിൾ മാത്രമാണെന്നാണ് നടപടി നേരിട്ട പ്രതാപൻ പറഞ്ഞത്. എന്നാൽ നടപടിയിൽ ഭയന്ന് പിന്മാറില്ല. അഭിപ്രായപ്രകടനവും പ്രതിഷേധവും തുടരുക തന്നെ ചെയ്യും. പാർലമെന്റംഗങ്ങളെ എൽ കെ ജി കുട്ടികളെ പോലെ ട്രീറ്റ് ചെയ്യാൻ വന്നാൽ വകവെച്ച് കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളെ സസ്പെൻഡ് ചെയ്താൽ പ്രതിഷേധം അവസാനിപ്പിക്കുമെന്നാണ് സർക്കാർ കരുതുന്നതെന്നും അത് നടക്കില്ലെന്നും രമ്യ ഹരിദാസ് എംപി പ്രതികരിച്ചു. കോൺഗ്രസാണ് കേന്ദ്ര സർക്കാരിന്റെ മുഖ്യ ശത്രു. വിലക്കയറ്റ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ അനുവദിക്കാതെ ഇവർ എന്താണ് ചെയ്യുന്നതെന്ന് രമ്യ ഹരിദാസ് എംപി ചോദിച്ചത്. അംഗങ്ങളെ സസ്പെന്റ് ചെയ്ത സാഹചര്യത്തിൽ ഇന്ന് വൈകിട്ട് 7 മണിക്ക് ചേരുന്ന കോൺഗ്രസിന്റെ പാർലമെൻററി പാർട്ടി യോഗത്തിൽ തുടർ നടപടി ചർച്ച ചെയ്യും.

ലോക്സഭയിൽ പ്രതിഷേധിച്ചതിന് നാല് കോൺഗ്രസ് എംപിമാരെയാണ് ഇന്ന് ലോക്സഭാ സ്പീക്കർ സസ്പെന്റ് ചെയ്തത്. മാണിക്കം ടാഗോർ, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതി മണി എന്നീ നാല് കോൺഗ്രസ് എംപിമാരെയാണ് സസ്പെന്റ് ചെയ്തത്. ഈ വർഷകാല സമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്പെൻഷൻ. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വർധന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചതിനാണ് നടപടി.

Top