ജയലളിതയുടെ വസതി മുഖ്യമന്ത്രിയുടെ താമസസ്ഥലമാക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍

jayalalitha

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം മുഖ്യമന്ത്രിയുടെ താമസസ്ഥലമാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ബുധനാഴ്ച മദ്രാസ് ഹൈക്കോടതിയിലാണു സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

ജയലളിതയുടെ വസതി സ്മാരകമാക്കുന്നതിനെതിരേ റെസിഡന്‍സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണു തമിഴ്‌നാട് സര്‍ക്കാര്‍ ഇതു സംബന്ധിച്ച പരിഗണനകള്‍ കോടതിയില്‍ വ്യക്തമാക്കിയത്.

സ്മാരകം നിര്‍മിക്കുന്നതിനേക്കാള്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വസതിയാക്കി മാറ്റുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണ്‍ കോടതിയെ അറിയിച്ചു. ജയലളിതയുടെ വസതി സ്മാരകമായി മാറ്റുകയാണെങ്കില്‍, ആയിരക്കണക്കിന് ആളുകള്‍ സ്ഥിരമായി ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ഇടയുണ്ടെന്നും അത് തങ്ങളുടെ സൈ്വരജീവിതത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പോയസ് ഗാര്‍ഡന്‍, കസ്തൂരി എസ്റ്റേറ്റ് ഹൗസ് ഓണേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

Top