അച്ഛനും മകനും പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം; അന്വേഷണം സിബിഐക്ക്

സേലം: തൂത്തുക്കുടിയില്‍ അച്ഛനും മകനും പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി.

സര്‍ക്കാര്‍ തീരുമാനം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ കോടതിയുടെ അനുമതി പ്രകാരമായിരിക്കും അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കസ്റ്റഡി മരണത്തില്‍ സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി കോടതി സ്വമേധയാ കേസെടുത്തിരുന്നു. പൊതുജനങ്ങള്‍ക്ക്‌ നേരെയുള്ള പൊലീസിന്റെ അതിക്രമം കോവിഡിനെക്കാള്‍ മോശമായ പകര്‍ച്ചവ്യാധിയാണെന്നും കോടതി വിമര്‍ശിച്ചിരുന്നു.

ലോക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത പി ജയരാജും മകന്‍ ബെന്നിക്‌സും ജൂണ്‍ 23നാണ് കോവില്‍പട്ടിയിലെ ആശുപത്രിയില്‍ മരിച്ചത്. സാത്തന്‍കുളം പൊലീസ് സ്റ്റേഷനില്‍ ഇരുവരേയും പൊലീസുകര്‍ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കസ്റ്റഡി മരണത്തില്‍ പ്രതിഷേധം വ്യാപകമായതോടെ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ നാല് പൊലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മലദ്വാരത്തില്‍ കമ്പിയും മറ്റും കുത്തിക്കയറ്റിയായിരുന്നു ഇവര്‍ക്കെതിരെയുള്ള പൊലീസിന്റെ ക്രൂരത എന്നാണ് ആരോപണം.

Top