പ്രായാധിക്യം; വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കാനൊരുങ്ങി ടികെ ഹംസ

മലപ്പുറം: വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കാനൊരുങ്ങി സിപിഎം മുതിർന്ന നേതാവ് ടികെ ഹംസ. നാളെ വഖഫ് ബോർഡ് യോ​ഗം ചേരാനിരിക്കെയാണ് രാജി പ്രഖ്യാപനം. ഒന്നരവർഷം കാലാവധി ബാക്കി നിൽക്കെയാണ് നാളെ രാജി വെക്കാനൊരുങ്ങുന്നത്.

പ്രായാധിക്യം കാരണമാണ് രാജി എന്നാണ് ടികെ ഹംസ വിശദീകരിക്കുന്നത്. മന്ത്രി അബ്ദുറഹ്മാനുമായി ഭിന്നത ഇല്ലെന്നും എൺപത് വയസു കഴിഞ്ഞവർ പദവികളിൽ നിന്നും മാറി നിൽക്കണമെന്നാണ് പാർട്ടി നയമെന്നും ടികെ ഹംസ പറഞ്ഞു. പ്രായാധിക്യം കൊണ്ടാണ് സ്ഥാനമൊഴിയുന്നത്. സൗകര്യം ഉള്ള സമയത്ത് ഒഴിയാൻ പാർട്ടി പറഞ്ഞിരുന്നു. മന്ത്രിയുമായി പ്രശ്നങ്ങൾ ഇല്ല. അങ്ങനെ പറയുന്നവർ ശത്രുക്കളാണെന്നും മറ്റ് ചില ജോലികൾ ഉള്ളതിനാലാണ് രാജിയെന്നും ഹംസ വ്യക്തമാക്കി. ഏഷ്യാനെറ്റ്‌ ന്യൂസിനോടാണ് പ്രതികരണം.

അതേസമയം, വഖഫ് ബോർഡിൽ പല കാര്യങ്ങളിലും വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനുമായി ഭിന്നതകൾ ഉണ്ടെന്ന് സൂചനയുണ്ടായിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തിൽ ചേ‍ർന്ന വഖഫ് ബോർഡ് യോ​ഗത്തിൽ ചെയർമാൻ പങ്കെടുക്കുന്നില്ലെന്ന മിനുട്സുകൾ പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം. രാജിവെക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നാളെ സ്ഥാനമൊഴിയുമെന്ന സ്ഥിരീകരണം വരുന്നത്.

Top