സിനിമയിലെ ഭാഷാപ്രയോഗങ്ങള്‍ സുരേഷ് ഗോപിക്ക് വിനയായി; മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് വൈറല്‍

ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജ്. സിനിമയില്‍ ഉപയോഗിക്കുന്ന ഡയലോഗുകള്‍ക്ക് സമാനമായ ഭാഷാപ്രയോഗങ്ങളാണ് സുരേഷ് ഗോപിക്ക് വിനനായി തീര്‍ന്നതെന്നും പൊതുജനങ്ങളോടുള്ള സമീപനത്തെക്കുറിച്ച് അദ്ദേഹം അജ്ഞനാണെന്നും മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു. ഒരു മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച ‘ആര്‍ക്കുവേണം സുരേഷ് ഗോപിയെ?’ എന്ന തലക്കെട്ടിലുള്ള കുറിപ്പിലാണ് അദ്ദേഹം ബിജെപി എം.പിയെ ഇത്തരത്തില്‍ വിമര്‍ശിച്ചത്.

ഒരിക്കല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച സുരേഷ് ഗോപി ‘ഡല്‍ഹിയില്‍ മന്ത്രിയാകണ’മെന്ന ആഗ്രഹം മൂലം അധികം വൈകാതെ ബിജെപിയുടെ ഭാഗമായെന്ന് പറയുന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ അടുത്തിടെ സുരേഷ് ഗോപി നടത്തിയ ‘അറബിക്കടല്‍’ പ്രയോഗം ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ നിരവധി പരാമര്‍ശങ്ങളെ തന്റെ കുറിപ്പ് വഴി വിമര്‍ശിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത്, തന്റെ സിനിമാപശ്ചാത്തലം നല്‍കിയ ‘സ്വാതന്ത്ര്യ ലഹരിയില്‍’ അദ്ദേഹം തൃശൂരില്‍ നടത്തിയ പ്രസ്താവനകള്‍ തിരിച്ചടികളായിട്ടുണ്ടെന്നും മാദ്ധ്യമപ്രവര്‍ത്തകന്‍ പരിഹാസത്തിന്റെ ഭാഷയില്‍ ചൂണ്ടിക്കാട്ടുന്നു.

തൃശൂരിലെ ജനങ്ങള്‍ക്കിടയില്‍ സുരേഷ് ഗോപിയുടെ ഈ വാക്കുകള്‍ക്ക് ഒരു ചലനവും സൃഷ്ടിക്കാന്‍ സാധിച്ചില്ലെന്നും ഇക്കാര്യം തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സുരേഷ് ഗോപിക്ക് മനസിലായെന്നും അദ്ദേഹം പരിഹസിച്ചു. ടിജെഎസ് ജോര്‍ജ് വിമര്‍ശിക്കുന്നു. ആദ്യകാലത്ത് അദ്ദേഹം കമ്യൂണിസ്റ്റുകാരെ ‘സ്‌നേഹിച്ചതാണെ’ന്നും 2011ല്‍ സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന് വേണ്ടി അദ്ദേഹം പ്രചാരണത്തിനിറങ്ങിയതാണെന്നും മാദ്ധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കോണ്‍ഗ്രസിന്റെ പിന്തുണയും ഒരിക്കല്‍ ലഭിച്ചിരുന്ന അദ്ദേഹം ബിജെപിയിലേക്ക് വന്നത് ‘ഡല്‍ഹി മനസില്‍ വച്ചുകൊണ്ടായിരുന്നു’ എന്നും ടിജെഎസ് ജോര്‍ജ് തന്റെ കുറിപ്പിലൂടെ പറയുന്നുണ്ട്. തന്നെ സന്ദര്‍ശിച്ച വേളയില്‍ നരേന്ദ്ര മോദി അദ്ദേഹത്തിന് മന്ത്രിപദത്തെ കുറിച്ച് സൂചന നല്‍കിയിരുന്നിരിക്കാം എന്നും അദ്ദേഹം അനുമാനിക്കുന്നുണ്ട്. അധികാരമില്ലാത്ത സമയത്ത് ബിജെപി പ്രസിഡന്റിന്റെ കത്തുമായി വരണമെന്ന് പറഞ്ഞ സുരേഷ് ഗോപിക്ക് ‘കസേര കിട്ടിയാല്‍ എന്തായിരിക്കും പുകിലെ’ന്നും മാദ്ധ്യമപ്രവര്‍ത്തകന്‍ ആശങ്കപ്പെടുന്നുണ്ട്.

മലയാളത്തിലെ സൂപ്പര്‍താരമായ മോഹന്‍ലാലിലെ കുറിച്ചും ടിജെഎസ് ജോര്‍ജ് തന്റെ കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. മോഹന്‍ലാലും ഒരുകാലത്ത് രാഷ്ട്രീയ മോഹം ഉണ്ടായിരുന്ന ആളാണെന്നും എന്നാല്‍ മലയാളിയുടെ സ്വഭാവം നേരത്തെ തന്നെ അദ്ദേഹം മനസിലാക്കിയിരുന്നു എന്നും മാദ്ധ്യമപ്രവര്‍ത്തകന്‍ നിരീക്ഷിക്കുന്നു.

എന്നാല്‍ ‘സ്വന്തം മാനം നോക്കി’ സ്വന്തം തട്ടകത്തില്‍ തന്നെ തുടരുന്നതാണ് അഭികാമ്യമെന്ന് ബുദ്ധിമാനായ അദ്ദേഹം മനസ്സിലാക്കുകയായിരുന്നു എന്നും അതുമൂലം സ്‌നേഹവും ബഹുമാനവും നിറഞ്ഞ ‘ലാലേട്ടന്‍’ എന്ന വിളിയില്‍ അദ്ദേഹത്തിന് സന്തോഷം കണ്ടെത്താന്‍ സാധിച്ചുവെന്നും ടിജെഎസ് ജോര്‍ജ് പറയുന്നു. ആ സ്‌നേഹവും ബഹുമാനവുമാണ് സുരേഷ് ഗോപിക്ക് നഷ്ടമായെന്നും എന്നിട്ടും സ്ഥാനമാനങ്ങള്‍ നേടാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്നും മാദ്ധ്യമപ്രവര്‍ത്തകന്‍ തന്റെ കുറിപ്പിലൂടെ പറഞ്ഞു.

Top