ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്സ്; സവാദിന്റെ തിരിച്ചറിയല്‍ പരേഡ് നടത്തണമെന്ന അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: പ്രൊഫ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയല്‍ പരേഡ് നടത്തണമെന്ന അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ചീഫ് ജുഡീഷ്യല്‍ കോടതിയാണ് എന്‍ഐഎ അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിക്കുന്നത്. ആക്രമണത്തിന് ഇരയായ ടി ജെ ജോസഫ്, കുടുംബാംഗങ്ങള്‍, ദൃക്‌സാക്ഷികള്‍ എന്നിവരെ ജയിലില്‍ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തും.

തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ 2023 ജൂലൈയിലാണ് കോടതി ശിക്ഷ വിധിച്ചത്. രണ്ട്, മൂന്ന്, അഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയായിരുന്നു വിധി. കേസിലെ ഒന്നാം പ്രതി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സവാദ് 13 വര്‍ഷങ്ങള്‍ക്ക് ശേഷം 2024 ജനുവരി 10നാണ് പിടിയിലായത്.

13 വര്‍ഷങ്ങള്‍ക്കിടയില്‍ സവാദിന് രൂപമാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കുറ്റകൃത്യം നടത്തുമ്പോള്‍ 27 വയസുണ്ടായിരുന്ന ഇയാള്‍ക്ക് ഇപ്പോള്‍ 40 വയസാണ് പ്രായം. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാക്കിയ ശേഷം സവാദിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കും. ആക്രമണത്തിന് ഉപയോഗിച്ച മഴു എന്തു ചെയ്തുവെന്ന് കണ്ടെത്തിയിട്ടില്ല. ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

Top