ടിക് ടോക്കിലെ വില്ലന്‍ സ്വയം വെടിവെച്ച് മരിച്ചു; ചുരുളഴിഞ്ഞത് മുന്ന് കൊലപാതക കഥ

ബിജ്നോര്‍: ടിക് ടോക്കിലെ വില്ലന്‍ യാഥാര്‍ത്ഥ ജീവിതത്തിലും വില്ലനായിരുന്നുന്നെന്ന തിരിച്ചറിവില്‍ ഞെട്ടിയിരിക്കുകയാണ് മധ്യപ്രദേശിലെ ബിജ്നോര്‍ നിവാസികള്‍.

കഴിഞ്ഞ ദിവസം കൊലപാതകക്കേസിലെ പ്രതിക്കായി പൊലീസ് ബസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനിടെ, 30കാരനായ ജോണി ദാദ എന്നറിയപ്പെടുന്ന അശ്വിനി കുമാര്‍, സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതോടെയാണ് ഇയാളുടെ ക്രൂരമുഖം പുറംലോകം അറിയുന്നത്. മരണസമയത്ത് ഇയാളുടെ പക്കലുണ്ടായിരുന്ന 14 പേജുള്ള നോട്ടില്‍ ഇയാള്‍ നടത്തിയ മൂന്ന് കൊലപാതകങ്ങളുടെ സമ്പൂര്‍ണ്ണ വിവരണമാണ് ഉണ്ടായിരുന്നത്. മൂന്നും ഇയാള്‍ ചെയ്തതായിരുന്നു.

മുന്‍പ് യാതൊരു ക്രിമിനല്‍ റെക്കോര്‍ഡും ഇല്ലാതിരുന്ന അശ്വിനി കുമാര്‍ ബിജ്നോറിനെ വിറപ്പിച്ച കൊലയാളിയാണെന്ന് അറിഞ്ഞത് ഇയാളുടെ മരണശേഷമായിരുന്നു. ‘ഞാന്‍ എല്ലാം നശിപ്പിക്കും’, ‘എന്റെ സംഹാരം കാണൂ’ എന്നെല്ലാം ഇയാള്‍ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പലപ്പോഴായി കുറിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും ഇയാളൊരു ശല്യക്കാരനാണെന്ന തോന്നലുണ്ടായിരുന്നില്ല.

ബിജ്നോറിലെ ബിജെപി നേതാവ് ഭീം സിംഗിന്റെ മകന്‍ രാഹുല്‍ കുമാറിനെയും ബന്ധുവായ കൃഷ്ണയെയും തന്റെ താമസ സ്ഥലത്തേക്ക് ക്ഷണിച്ച അശ്വിനി സെപ്തംബര്‍ 26 ന് ഇരുവരെയും വെടിവച്ച് കൊലപ്പെടുത്തി. മദ്യപിച്ച ശേഷം ഉണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ഇരുവരെയും അശ്വിനി വെടിവച്ച് കൊലപ്പെടുത്തിയത്.സിഐഎസ്എഫില്‍ ചെന്നൈയില്‍ സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്നാളെ വിവാഹം കഴിക്കാനിരുന്ന നിതിക ശര്‍മ്മയെന്ന 27കാരിയെ ഇയാള്‍ കൊന്നത് സെപ്തംബര്‍ 30നായിരുന്നു. വീടിനകത്ത് അതിക്രമിച്ച് കയറിയ ശേഷമാണ് ഇയാള്‍ നിതികയെ വെടിവച്ച് കൊലപ്പെടുത്തിയത്. ദുബൈയിലെ ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്ന നിതിക, വിവാഹത്തിന് വേണ്ടി തന്റെ നാട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ഡിസംബര്‍ രണ്ടിനാണ് നിതികയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

ദിവസങ്ങള്‍ക്കിടെ നടന്ന മൂന്ന് കൊലപാതകങ്ങള്‍ ബിജ്നോര്‍ നഗരത്തെ വിറപ്പിച്ചു. പൊലീസ് പ്രതിയെ പിടികൂടാന്‍ ഡ്രോണുകള്‍ വരെ ഉപയോഗിച്ച് തെരച്ചില്‍ നടത്തി. പൊലീസ് തന്റെ പിന്നാലെയുണ്ടെന്ന് മനസിലാക്കിയ പ്രതി ഉടനെ തന്നെ താമസ സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ തീരുമാനിച്ചു. രാത്രി 1.15 ന് ബസ് മാര്‍ഗം ബിജ്നോറിന് പുറത്തുകടക്കാനായിരുന്നു ശ്രമം.പൊലീസ് ഈ ബസ് വഴിയില്‍ തടഞ്ഞുനിര്‍ത്തി തെരച്ചില്‍ നടത്തി. ഈ സമയത്ത് തൂവാല കൊണ്ട് മുഖം മറച്ചിരിക്കുകയായിരുന്നു അശ്വിനി. പൊലീസ് ഇയാളോട് തൂവാല മാറ്റാന്‍ ആവശ്യപ്പെട്ട സമയത്ത് കൈയ്യിലുണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് അശ്വിനി തന്റെ തലയ്ക്ക് വെടിയുതിര്‍ത്തു. പൊലീസും ബസിലുണ്ടായിരുന്നവരും സ്തംബ്ധരായി നില്‍ക്കെ, സംഭവസ്ഥലത്ത് തന്നെ ഇയാള്‍ മരിച്ചു.

ലഹരിക്ക് അടിമയായ അശ്വിനി ബിരുദധാരിയായിരുന്നു. ധംപൂറിലെ കരിമ്പ് സഹകരണ സൊസൈറ്റിയിലെ ക്ലര്‍ക്കായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. ഡല്‍ഹിയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അശ്വിനി ഈ ജോലി രാജിവച്ചിരുന്നു. ലഹരിയുടെ അമിതമായ ഉപയോഗം അശ്വിനിയുടെ മാനസിക ആരോഗ്യത്തെ ബാധിച്ചിരിക്കാമെന്നാണ് പൊലീസ് പറയുന്നത്.

Top