ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷണം വിജിലന്‍സ് ഇന്റര്‍പോളിന്റെ സഹായം തേടി

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ സഹായം തേടി.

ഇതു സംബന്ധിച്ച് ബ്രിട്ടണിലെ വി.എ.ടെക്ബാഗ് കമ്പനിയുടെ വിവരം തേടി വിജിലന്‍സ് ഇന്റര്‍പോളിന് കത്തയച്ചു.

സിബിഐ വഴിയാണ് കത്തുനല്‍കിയിരിക്കുന്നത്. ടൈറ്റാനിയത്തിലെ മലിനീകരണ നിയന്ത്രണ സംവിധാനം സ്ഥാപിക്കുന്നതിനുള്ള 256 കോടിയുടെ കരാറില്‍ 66 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെക്കോണ്‍ കമ്പനിയായിരുന്നു ടൈറ്റാനിയത്തിലെ മലിനീകരണ നിയന്ത്രണ സംവിധാനം സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള കരാറെടുത്തിരുന്നത്, ഇതിനു വേണ്ടിയുള്ള ഉപകരണങ്ങള്‍ കമ്പനി വാങ്ങിയത് ബ്രിട്ടണിലെ വി.എ.ടെക്ബാഗ് കമ്പനിയില്‍ നിന്നായിരുന്നു.

കമ്പനിയുടെ ഉപകരണങ്ങള്‍ കൈമാറിയ ഇടപാടിന്റെ പൂര്‍ണ വിവരങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടാണ് കത്തയച്ചിരിക്കുന്നത്.

അഴിമതിയുടെ പൂര്‍ണ്ണ വിവരങ്ങള്‍ കണ്ടെത്തിയെങ്കില്‍ മാത്രമെ അതില്‍ പങ്കാളികളായ രാഷ്ട്രീയക്കാരുടേയും വിവരങ്ങള്‍ കൃത്യമായി ലഭിക്കൂ എന്നാണ് വിജിലന്‍സ് നിലപാട്.

ടൈറ്റാനിയം മുന്‍ എം.ഡിയടക്കം ആറു പേരാണ് നിലവില്‍ പ്രതികള്‍.

 

Top