Titanium Case-Oommen chandy

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും കേസ് അട്ടിമറിയ്ക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് എളമരം കരീം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

ടൈറ്റാനിയം ഫാക്ടറി അടച്ചുപൂട്ടാന്‍ പോയ സമയത്ത് താന്‍ ഇടപെടുകയായിരുന്നുവെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ കടമ നിര്‍വഹിയ്ക്കുക മാത്രമാണ് ചെയ്തതെന്നും ഉമ്മന്‍ചാണ്ടി സഭയില്‍ പറഞ്ഞു.

ടൈറ്റാനിയം കമ്പനിയിലേക്ക് ഉപകരണങ്ങള്‍ വാങ്ങിയതില്‍ തനിക്ക് പങ്കില്ല. 2006ല്‍ ആരോപണമുയര്‍ന്നിട്ടും കുറ്റക്കാരെ കണ്ടെത്താന്‍ ഇടതുസര്‍ക്കാര്‍ മുതിര്‍ന്നില്ല. പദ്ധതിക്ക് തറക്കല്ലിട്ടത് എളമരം കരീമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിസ്ഥാനത്തില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പോയി.

എളമരം കരീമാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് തയ്യാറാകണമെന്നും ആരോപണ വിധേയര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരിയ്ക്കുന്നത് ഗുരുതരമായ സ്ഥിതിഗതിയാണെന്നും എളമരം ആരോപിച്ചു.

Top