സാമ്പത്തിക പ്രതിസന്ധിക്കിടയിലും പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ബോര്‍ഡ് അംഗങ്ങള്‍ക്കും പ്രസിഡന്റിനും ലക്ഷങ്ങള്‍ മുടക്കി ഔദ്യോഗിക വസതി പണിയാന്‍ ഒരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ബോര്‍ഡിന്റെ പുതിയ തീരുമാനം. ബോര്‍ഡ് ആസ്ഥാനത്ത് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന മൂന്ന് മന്ദിരങ്ങളുടേയും തറക്കല്ലിടല്‍ കഴിഞ്ഞ 30-ന് നടന്നു.

ശബരിമലയിലുണ്ടായ വിവാദങ്ങളെത്തുടര്‍ന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക സഹായമാണ് ദേവസ്വം ബോര്‍ഡിന് നിലവിലെ ആശ്രയം. ദൈനംദിനം ചിലവുകള്‍ക്ക് പണം തികയാത്ത സ്ഥിതി വന്നേക്കാമെന്നതു പരിഗണിച്ച് ചെലവ് കുറയ്ക്കണമെന്ന് അക്കൗണ്ട്‌സ് ഓഫീസര്‍ ജനുവരി 30ന് നല്‍കിയ നിര്‍ദ്ദേശവും ബോര്‍ഡിന് മുന്നിലുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം നിലനില്‍ക്കുമ്പോഴാണ് ലക്ഷങ്ങള്‍ ചെലവിട്ട മന്ദിരങ്ങളുടെ നിര്‍മാണം ഉടനടി പൂര്‍ത്തിയാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ കെട്ടിടം നിര്‍മ്മിക്കണം എന്നത് നേരത്തെ എടുത്ത തീരുമാനമാണെന്നും അതിഥി മന്ദിരമില്ലാത്തതിന്റെ അസൗകര്യം ഓംബുഡ്‌സ്മാന്‍ അടക്കം ചൂണ്ടിക്കാട്ടിയതാണെന്നും ബോര്‍ഡ് അംഗം കെ.പി ശങ്കരദാസ് വ്യക്തമാക്കി.

Top