സിദ്ദീഖ് കൊലപാതകം; പ്രതികൾ പിടിയിലായത് എഗ്‌മോറിൽ നിന്ന് ജംഷഡ്‌പുരിലേക്ക് കടക്കാൻ ശ്രമിക്കവെ

കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖ് (58) കൊല്ലപ്പെട്ട കേസിലെ പ്രതികളായ മുഹമ്മദ് ഷിബിലി (22), ഖദീജത് ഫർഹാന (18) എന്നിവർ പിടിയിലായത് ചെന്നൈയിലെ എഗ്‌മോറിൽവച്ച്. ഇവിടെനിന്ന് ജംഷഡ്പുരിലെ ടാറ്റ നഗറിലേക്ക് കടക്കാനായിരുന്നു ഷിബിലിയുടെയും ഫർഹാനയുടെയും നീക്കം. ഇവരുടെ കയ്യിൽനിന്ന് പൂട്ടിയ നിലയിലുള്ള ഒരു ട്രോളിബാഗും ഫർഹാനയുടെ പാസ്പോർട്ടും 16,000 രൂപയും കണ്ടെടുത്തതായാണ് റിപ്പോർട്ട്. ഇരുവരും സിദ്ദീഖിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി രണ്ട് ട്രോളി ബാഗുകളിലാക്കിയാണ് അട്ടപ്പാടിക്കു സമീപം ചുരത്തിൽ ഉപേക്ഷിച്ചത്.

ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ്, തിരൂരിൽ ഇത്തരമൊരു കൊലപാതകത്തിനു ശേഷം രണ്ട് പ്രധാന പ്രതികൾ ചെന്നൈ ഭാഗത്തേക്ക് കടന്നതായി ആർപിഎഫിന് വിവരം ലഭിക്കുന്നത്. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ചെന്നൈ എഗ‌്‌മോർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഷിബിലിയെയും ഫർഹാനയെയും ആർപിഎഫ് പിടികൂടിയത്.

ചെന്നൈ എഗ്‌മോറിൽനിന്ന് ട്രെയിൻ മാർഗം ടാറ്റ നഗറിലേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇവരെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിനായി എഗ്‌മോർ റെയിൽവേ സ്റ്റേഷനിലെ വെയിറ്റിങ് ഏരിയയിൽ കാത്തിരിക്കുമ്പോഴാണ് ആർപിഎഫ് കസ്റ്റഡിയിലെടുത്തത്. ആർപിഎഫ് അറിയിച്ച പ്രകാരം ചെന്നൈ എസ് 2 പൊലീസാണ് പ്രതികളെ പിടികൂടിയ വിവരം തിരൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. ഇന്നു രാവിലെ ഇവിടെയെത്തിയ തിരൂർ പൊലീസ്, എസ്ഐ പ്രമോദിന്റെ നേതൃത്വത്തിൽ ഇവരെ ഏറ്റുവാങ്ങി.

ഇന്നു വൈകിട്ടോടെ ഇരുവരെയും തിരൂരിൽ എത്തിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ചെന്നൈയിൽ വച്ചുള്ള പ്രാഥമിക ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. കൊലയ്ക്കുള്ള കാരണവും കൊല നടത്തിയ രീതിയും മനസ്സിലാക്കാനായി കേരളത്തിലെത്തിച്ച ശേഷം ഇരുവരെയും വിശദമായി ചോദ്യം ചെയ്യും.

Top