ടിപ്പുവും ഹൈദരലിയും പ്രവാചകനും ക്രിസ്തുവും പുറത്ത്; കര്‍ണാടകത്തില്‍ പാഠഭാഗങ്ങള്‍ വിവാദത്തില്‍

ബെംഗളൂരു: കൊവിഡിന്റെ പശ്ചാത്തലത്തില്‍ അധ്യായന ദിവസങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ പാഠഭാഗങ്ങള്‍ പുനക്രമീകരിച്ചത് വിവാദത്തിലാകുന്നു. സംസ്ഥാന സിലബസില്‍നിന്ന് ടിപ്പു സുല്‍ത്താനെയും യേശു ക്രിസ്തുവിനെയും മുഹമ്മദ് നബിയെയും ഒഴിവാക്കിയതാണ് വിവാദമാകുന്നത്.

സംഭവത്തില്‍, ബിജെപി സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന സിലബസിലെ പാഠഭാഗങ്ങളില്‍ 30 ശതമാനം വെട്ടിച്ചുരുക്കി സെപ്റ്റംബറില്‍ ക്ലാസുകള്‍ തുടങ്ങാനാണ് കര്‍ണാടക സര്‍ക്കാരിന്റെ ആലോചന. അഞ്ച്, പത്ത് ക്ലാസുകളിലെ പാഠഭാഗങ്ങളില്‍നിന്ന് ടിപ്പുസുല്‍ത്താന്‍, ഹൈദരലി, മൈസൂരുവിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ എന്നീ വിഷയങ്ങളാണ് ഒഴിവാക്കിയത്.

ഏഴാം ക്ലാസുകാര്‍ക്കായുള്ള ഭരണഘടനയെകുറിച്ചുള്ള പാഠഭാഗങ്ങളും, ആറാം ക്ലാസുകാര്‍ക്കുള്ള പാഠങ്ങളില്‍ യേശുക്രിസ്തു, പ്രവാചകന്‍ മുഹമ്മദ് നബി എന്നിവരെ കുറിച്ചുള്ള ഭാഗങ്ങളും ഒഴിവാക്കിയവയില്‍ ഉള്‍പ്പെടുന്നു. ഈ ഭാഗങ്ങള്‍ പഠിപ്പിക്കാന്‍ പ്രത്യേക ക്ലാസുകളുണ്ടാകില്ലെന്നും അസൈന്‍മെന്റുകള്‍ നല്‍കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

ചരിത്രത്തെ വളച്ചൊടിക്കാനുള്ള ബിജെപി സര്‍ക്കാറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇതെല്ലാമെന്നാണ് പ്രതിപക്ഷ വിമര്‍ശനം. എന്നാല്‍ ടെക്സ്റ്റ്ബുക് കമ്മറ്റിയും അധ്യാപകരും ചേര്‍ന്നാണ് പാഠഭാഗങ്ങള്‍ പുനക്രമീകരിച്ചതെന്നാണ് അധികൃതരുടെ മറുപടി. 2020-2021 അധ്യായനവര്‍ഷത്തേക്ക് മാത്രമാണ് ഈ ക്രമീകരണമെന്നും വിദ്യാഭ്യാസ വകുപ്പധികൃതര്‍ പ്രതികരിച്ചു.

Top