ജീവിതത്തില്‍ ടിന്റുവിന്റെ കൈപിടിക്കാന്‍ കായിക പരിശീലകന്‍ അനൂപ്

കണ്ണൂര്‍: കേരളത്തിന്റെ സ്വന്തം കായിക താരം ടിന്റു ലൂക്ക വിവാഹ ജീവിതത്തിലേക്ക്. പിടി ഉഷയുടെ പ്രിയപ്പെട്ട ശിഷ്യയായ ടിന്റുവിന് മലയാളികളുടെ മനസ്സില്‍ പെട്ടെന്നു തന്നെ സ്ഥാനം പിടിക്കാന്‍ സാധിച്ചിട്ടുണ്ട്. കണ്ണൂര്‍ കാരനായ അനൂപാണ് ടിന്റുവിന്റെ കൈ പിടിക്കാന്‍ ഒരുങ്ങുന്നത്. എറണാകുളത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പരിശീലകന്‍ കൂടിയാണ് അനൂപ്.

ടിന്റുവിന്റെ വാക്കുകള്‍:

ഞങ്ങള്‍ തമ്മില്‍ മുന്‍പരിചയമില്ല. വിവാഹ വെബ്‌സൈറ്റ് വഴിയാണ് ആലോചന വന്നത്. ജീവിത പങ്കാളി കായികമേഖലയില്‍ നിന്നായിരിക്കുമെന്നു സ്വപ്നത്തില്‍പ്പോലും വിചാരിച്ചിരുന്നില്ല.

പക്ഷേ, ഒടുവില്‍ അതു സംഭവിച്ചു. ആലോചന ഒരു പരിശീലകന്റേതാണെന്ന് അറിഞ്ഞപ്പോള്‍ അതിശയിച്ചുപോയി. ഞാനിങ്ങനെ ഒരാളെപ്പറ്റി കേട്ടിട്ടേയില്ല.

ഉഷ സ്‌കൂളിനു പുറത്ത് എനിക്ക് അധികംപേരെ പരിചയമില്ലായിരുന്നു. കൂട്ടുകാരോടു ചോദിച്ചപ്പോള്‍ എല്ലാവര്‍ക്കും നല്ല അഭിപ്രായം മാത്രം.

അനൂപിന്റെ വാക്കുകള്‍:

ഞങ്ങള്‍ ഒരേ നാട്ടുകാരാണ്. ടിന്റു വളരെ പ്രശസ്തയുമാണ്. എന്നിട്ടും വിവാഹാലോചനയ്ക്കിടെയാണ് ഞങ്ങള്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും.

കഴിഞ്ഞ 3 വര്‍ഷമായി എറണാകുളത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പരിശീലകനാണു ഞാന്‍. എന്റെ 5 കുട്ടികള്‍ കായികമേളയില്‍ പങ്കെടുക്കുന്നുണ്ട്.

സംസാരിക്കുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ കൂടുതലും കടന്നുവരുന്നത് സ്‌പോര്‍ട്‌സാണ്. ഒരുമിച്ചു ജീവിക്കുമ്പോഴും സ്‌പോര്‍ട്‌സിനു തന്നെയായിരിക്കും കൂടുതല്‍ പ്രാധാന്യം.

റെയില്‍വേയുടെ സേലം ഡിവിഷനില്‍ ഓഫിസറാണു ടിന്റു. കണ്ണൂര്‍ ഇരിട്ടി വാളത്തോട്ടെ ലൂക്കയുടെയും ലിസിയുടെയും മകള്‍. ഇരിട്ടി എടൂര്‍ ചിറ്റേട്ട് ജോസഫിന്റെയും റോസമ്മയുടെയും മകനാണ് അനൂപ്. ജനുവരി 11ന് എടൂരിലാണു വിവാഹം

Top