മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയെന്നറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ ജയിലിലേക്ക് അയക്കുമെന്നാണ് കോടതിയുടെ താക്കീത്. അതുകൊണ്ടുതന്നെ കോടതിയില്‍ നിന്നുള്ള കടുത്ത ഇടപെടല്‍ തടയാനാണ് സര്‍ക്കാര്‍ നീക്കങ്ങള്‍. അഭിഭാഷകരുമായുള്ള കൂടിയാലോചനക്ക് ശേഷമാകും ഇതിനുള്ള സര്‍ക്കാര്‍ നടപടികള്‍.

മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട് മരട് നഗരസഭ നല്‍കിയ ഉത്തരവ് ചോദ്യം ചെയ്ത് ഫ്‌ളാറ്റ് ഉടമ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹോളിഫെയ്ത്ത് ഫ്‌ളാറ്റിലെ താമസക്കാരനായ റിട്ട. സൈനികന്‍ കെ കെ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, 23ന് കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ഹാജരാക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്. സര്‍ക്കാരിന് വേണ്ടി ഹാജരാകില്ലെന്ന് തുഷാര്‍ മേത്ത നേരത്തെ വ്യക്തമാക്കിയിരുന്നു.

Top