ടിക്ടോക്ക് താരത്തെ സ്വന്തം ബ്യൂട്ടിപാര്‍ലറില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി

ടിക്ടോക് താരത്തെ സ്വന്തം ബ്യൂട്ടി പാര്‍ലറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹരിയാന സോനിപത്ത് സ്വദേശിയായ ശിവാനി ഖുബിയാന്‍ ആണ് കൊല്ലപ്പെട്ടത്. അയല്‍ക്കാരനായ ആരിഫാണ് ശിവാനിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ ഒളിവിലാണ്.

ഞായറാഴ്ച വൈകീട്ട് ബ്യൂട്ടി പാര്‍ലറില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ അയല്‍വാസികള്‍ അറിയിച്ചതനുസരിച്ചാണ് പാര്‍ലറിന്റെ പാര്‍ട്ണറായ നീരജ് സ്ഥാപനം തുറന്നത്. അകത്തെ ക്യാബിനിനുള്ളിലായിരുന്നു മൃതദേഹം. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു. ജൂണ്‍ 26നാണ് ശിവാനി കൊല്ലപ്പെട്ടതെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍.

അയല്‍ക്കാരനായ ആരിഫ് ഏറെക്കാലമായി ശിവാനിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നുവെന്ന് ശിവാനിയുടെ ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ആരിഫിന്റെ ശല്യമുണ്ടായിരുന്നുവെന്നാണ് ശിവാനിയുടെ സഹോദരി ശ്വേത പറയുന്നത്. ശല്യം സഹിക്കാനാവാതെ വീട് മാറി. പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. തുടര്‍ന്ന് സംഭവിച്ചതിനെല്ലാം ആരിഫ് മാപ്പ് പറഞ്ഞു. എന്നാല്‍ ഇതിനുശേഷവും ആരിഫ് ശിവാനിയെ ശല്യംചെയ്യുന്നത് തുടര്‍ന്നുവെന്ന് ശിവാനിയുടെ പിതാവ് പറയുന്നു.

ജൂണ്‍ 26ന് ആരിഫ് ശിവാനിയെ കാണാനെത്തിയിരുന്നു. അന്ന് ശിവാനി വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ സഹോദരി ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. എന്നാല്‍ താന്‍ ഹരിദ്വാറിലാണെന്നും ചൊവ്വാഴ്ച തിരിച്ചുവരുമെന്നും ശിവാനിയുടെ ഫോണില്‍ നിന്നും സന്ദേശം വന്നു. അതുകൊണ്ട് കുടുംബം കൂടുതല്‍ അന്വേഷിച്ചില്ല.

ശിവാനിയെ വീട്ടില്‍ നിന്ന് കാണാതായതിന് ശേഷവും ടിക് ടോക് അക്കൗണ്ടില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശിവാനി ജീവിപ്പിച്ചിരിപ്പുണ്ടെന്ന് തോന്നിക്കാനായിരുന്നു ഈ നീക്കം. യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിന് ഏഴ് മണിക്കൂര്‍ മുമ്പ് വരെ ടിക് ടോകിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും പോസ്റ്റുകള്‍ വന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശ്വാസംമുട്ടിച്ചാണ് ശിവാനിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Top