ഇനിയില്ല ടിക്ടോക്ക്; ടിക്ടോക്കിന്റെ പ്രവര്‍ത്തനം ഇന്ത്യയില്‍ പൂര്‍ണമായും നിലച്ചു

ന്യൂഡല്‍ഹി: ചൈനീസ് സമൂഹമാധ്യമമായ ടിക്ടോക്കിന്റെ പ്രവര്‍ത്തനം ഇന്ത്യയില്‍ പൂര്‍ണമായും നിലച്ചു. തിങ്കളാഴ്ച രാത്രി ടിക്ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഡെസ്‌ക്ടോപ് ഉള്‍പ്പെടെ എല്ലാ ഡിവൈസുകളിലും ടിക്ടോക് പ്രവര്‍ത്തനരഹിതമായി.

ആപ് തുറക്കാന്‍ നോക്കുമ്പോള്‍ നിരോധനത്തെ കുറിച്ച് വിവരിക്കുന്ന നോട്ടിസ് മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. പ്രിയ ഉപഭോക്താക്കളെ, 59 ആപ്പുകള്‍ നിരോധിക്കുക എന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തോട് സഹകരിക്കുകയാണ് ഞങ്ങള്‍. ഇന്ത്യയിലുള്ള ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളുടെയും സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിനാണു പ്രാധാന്യം നല്‍കുന്നത്’ എന്നാണു ടിക്ടോക് ആപ്പ് തുറക്കുമ്പോള്‍ കാണിക്കുന്നത്. പുതിയ വിഡിയോകള്‍ ലോഡ് ചെയ്യാനുള്ള ഓപ്ഷനു പകരം നെറ്റ്വര്‍ക് എറര്‍ എന്നാണു പ്രത്യക്ഷപ്പെടുന്നത്.

ഡേറ്റ സുരക്ഷയും പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്താണു വിവര സാങ്കേതികവിദ്യാ നിയമത്തിലെ 69എ വകുപ്പുപ്രകാരമുള്ള നടപടി. പാര്‍ലമെന്റിലുള്‍പ്പെടെ ഉന്നയിക്കപ്പെട്ട ആശങ്കയും കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനു ലഭിച്ച പരാതിയും ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയും പരിഗണിച്ചാണു നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.

Top