ഇന്ത്യക്ക് നൂറു കോടിയുടെ സഹായവുമായി ടിക് ടോക്ക് !

ന്യൂഡല്‍ഹി: രാജ്യത്തു നിന്നും കൊറോണ വൈറസിനെ തുരത്താനായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി ടിക് ടോക്കും.ഇന്ത്യയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 100 കോടി രൂപ വിലമതിക്കുന്ന 4 ലക്ഷം സുരക്ഷാ വസ്ത്രങ്ങളും രണ്ട് ലക്ഷം മാസ്‌കുകളുമാണ് ടിക് ടോക്ക് സംഭാവന നല്‍കിയത്. ഇതിന്റെ ആദ്യ ബാച്ച് സ്യൂട്ടുകള്‍ ഇന്ന് രാവിലെ എത്തിയിരുന്നു. ബാക്കിയുള്ളവയും ഉടന്‍ തന്നെ എത്തുമെന്നും ടിക് ടോക്ക് അറിയിച്ചിട്ടുണ്ട്.

കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ പിന്തുണയോടെ, നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കുന്ന സുരക്ഷാ വസ്ത്രങ്ങളും മാസ്‌കുകളും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കൈമാറുന്നതായി ടിക്ക് ടോക്ക് പ്രസ്താവനയില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന് നന്ദി പറയുന്നായും മന്ത്രി സ്മൃതി ഇറാനിക്ക് അയച്ച കത്തില്‍ ടിക്ക് ടോക്ക് വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിരോധ നടപടി എന്ന നിലയില്‍ പൗരന്മാര്‍ സാമൂഹിക അകലം പാലിക്കുകയും വീട്ടില്‍ തന്നെ തുടരുകയും ചെയ്യുന്നു. ഒപ്പം നമ്മളെല്ലാം സുരക്ഷിതരായിരിക്കുവാന്‍ ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ അശ്രാന്തമായി പ്രവര്‍ത്തിക്കുന്നുവെന്നും ടിക്ക് ടോക്ക് പ്രസ്താവനയില്‍ പറഞ്ഞു. കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതിനുശേഷം, നിലവില്‍ ടിക് ടോക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

Top