ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പ് ആശയത്തെ പിന്തുണച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

തിരുവനന്തപുരം : അടിക്കടിയുള്ള തെരഞ്ഞെടുപ്പും പെരുമാറ്റചട്ടവും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നു എന്ന ആക്ഷേപം ശരിയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.

പെരുമാറ്റചട്ടം നിലവിലുള്ള ജില്ലകളില്‍, എംപി ഫണ്ടും എംഎല്‍എ ഫണ്ടും പുതുതായി അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പെരുമാറ്റ ചട്ടം എംഎല്‍എ ഫണ്ടിനും ബാധകമായതിനാല്‍ ഇത് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. അതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടക്കണം എന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

വോട്ടേഴ്‌സ് ലിസ്റ്റില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

ഇതിനിടെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 4 ജില്ലകളില്‍ പെരുമാറ്റ ചട്ടം ഏര്‍പ്പെടുത്തി. കാസര്‍ഗോഡ് , എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ആണ് പെരുമാറ്റ ചട്ടം നിലവില്‍ വന്നത്. തലസ്ഥാന ജില്ലയിലായതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ പെരുമാറ്റ ചട്ടം ഏര്‍പ്പെടുത്തിയിട്ടില്ല. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മാത്രം ആണ് പെരുമാറ്റ ചട്ടം ഉണ്ടാകുകയെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

Top