ആപ്പുകളുടെ നിരോധനം; യുഎസിനെതിരെ തിരിച്ചടിയുണ്ടാകുമെന്ന് ചൈന

ബീജിങ് : അമേരിക്കയില്‍ ടിക്ടോക്, വീചാറ്റ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരോധിച്ച നീക്കത്തിനെതിരെ ചൈന.

ചൈനീസ് കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി അമേരിക്കയ്‌ക്കെതിരെയും നടപടിയുണ്ടാവുമെന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. പ്രത്യേകിച്ച് തെളിവുകളൊന്നും ഇല്ലാതെ, ന്യായീകരിക്കാനാകാത്ത കാരണങ്ങള്‍ പറഞ്ഞാണ് രണ്ട് സ്ഥാപനങ്ങളെ അമേരിക്ക അടിച്ചമര്‍ത്തുന്നത്.
ഇത് സാധാരണ ബിസിനസ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും അമേരിക്കന്‍ നിക്ഷേപ അന്തരീഷത്തില്‍ അന്താരാഷ്ട്ര നിക്ഷേപകരുടെ വിശ്വാസം തകര്‍ക്കുകയും ആഗോള സാമ്പത്തിക വ്യാപാര ക്രമത്തിന് ദോഷമുണ്ടാക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

അമേരിക്ക വിരട്ടല്‍ ഉടന്‍ അവസാനിപ്പിക്കണം എന്നും അന്താരാഷ്ട്ര ചട്ടങ്ങളും ക്രമവും സംരക്ഷിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
അതേസമയം, അമേരിക്കയ്ക്കെതിരെ എന്തൊക്കെ നടപടികളാണ് ചൈന സ്വീകരിക്കുന്നത് എന്ന് പറഞ്ഞിട്ടില്ലെങ്കിലും ആശ്രയിക്കാനാകാത്ത സ്ഥാപനങ്ങളുടെ പട്ടികയുണ്ടാക്കാന്‍ ചട്ടങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ചൈനയുടെ ദേശീയ താല്‍പ്പര്യങ്ങളെ അപകടപ്പെടുത്തുന്ന വിദേശസ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നടപടിക്കാണ് നീക്കം.

Top