ടിക് ടോക് വീഡിയോ പകർത്താൻ ശ്രമം; വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു

ധര്‍ഭംഗ:പ്രളയത്തിനിടെ ടിക് ടോക് വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു. ബീഹാറിലെ ധര്‍ഭംഗ ജില്ലയിലാണ് സംഭവം. അദല്‍പുര്‍ ഗ്രാമവാസിയായ അഫ്സലാണ് മരിച്ചത്.

സുഹൃത്തുക്കളായ കാസിം, സിതാര്‍ എന്നിവര്‍ക്കൊപ്പം ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കാസിം വെള്ളത്തില്‍ പോകുകയായിരുന്നു. കാസിമിനെ രക്ഷിക്കാനാണ് അഫ്സല്‍ വെള്ളത്തിലേക്ക് ചാടിയത്.

എന്നാല്‍ കാസിം രക്ഷപ്പെടുകയും അഫ്സല്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയുമായിരുന്നു. കുട്ടികളുടെ അലര്‍ച്ച കേട്ട് ഓടിയെത്തിയ ആള്‍ക്കൂട്ടത്തില്‍ പലരും പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും അഫ്‌സലിനെ കണ്ടെത്താനായില്ല.

വെള്ളത്തില്‍ കിടന്ന് സംഘട്ടനം ചിത്രീകരിക്കാനായിരുന്നു മൂവരുടേയും ശ്രമം. ഇവരുടെ മൊബൈല്‍ ഫോണില്‍ ഈ രംഗങ്ങള്‍ പകര്‍ത്തപ്പെട്ടിരുന്നു. കാസിം വെള്ളത്തിലേക്ക് എടുത്തുചാടുന്നതും പിന്നീട് വെള്ളത്തില്‍ നിലകിട്ടാതെ കൈകാലിട്ടടിക്കുന്നതും പൊലീസ് കണ്ടെത്തി.

കേന്ദ്ര ദുരന്ത നിവാരണ സംഘം എത്തി തെരഞ്ഞപ്പോഴാണ് മൃതദേഹം കിട്ടിയത്. കുട്ടികളുടെ പക്കലുണ്ടായിരുന്ന ഫോണില്‍ പുഴയിലേക്ക് എടുത്തുചാടുന്നതിന്റെ നിരവധി വീഡിയോകള്‍ ഉണ്ടായിരുന്നു.

Top