ടിക്ക് ടോക്കിന് സ്റ്റേ ഏര്‍പ്പെടുത്തിയ നടപടിയില്‍ ഉടനെ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി

ഡല്‍ഹി : വീഡിയോ ഷെയറിങ് ചൈനീസ് ആപ്പായ ടിക്ക് ടോക്കിന് സ്റ്റേ ഏര്‍പ്പെടുത്തിയ നടപടിയില്‍ ഉടനെ തീരുമാനം എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ബുധനാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും അല്ലെങ്കില്‍ ടിക്ക് ടോക്കിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഇല്ലാതാവുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അറിയിച്ചു.

അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ടിക്ക് ടോക്ക് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്നും മറ്റും ഈ ആപ്പ് പിന്‍വലിച്ചിരുന്നു. പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്ന ടിക് ടോക് കുട്ടികളുടെ സുരക്ഷയ്ക്ക് പോലും ഭീഷണിയാണെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി ഉത്തരവ്. ഇതിനെ തുടര്‍ന്നാണ് കേന്ദ്ര ഐ.ടി മന്ത്രാലയം ഗൂഗിളിനും ആപ്പിളിനും ടിക് ടോക് ഇന്ത്യയില്‍ പൂര്‍ണ്ണമായും നിരോധിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. ജസ്റ്റിസ് എന്‍. കൃപാകരന്‍, എസ്.എസ്. സുന്ദര്‍ എന്നിവരടങ്ങിയ ബഞ്ചാണ് വിഷയത്തില്‍ ഇടപെട്ടത്. മധുര സ്വദേശിയും സാമൂഹികപ്രവര്‍ത്തകനുമായ അഡ്വ. മുത്തുകുമാര്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദ്ദേശം.

എന്നാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യത്തില്‍ നടപടി എടുത്തത് എന്ന് ചൂണ്ടിക്കാട്ടി ടിക്ക് ടോക്കിന്റെ മാതൃക കമ്പനിയായ ബൈടെഡന്‍സ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ടിക്ക് ടോക്കിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ സുപ്രീംകോടതി തയ്യാറായിരുന്നില്ല.

Top