പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ നൂറനാട് സ്വദേശി എസ്.അരുണ്‍ (20), മട്ടന്നൂര്‍ ശിവപുരം സ്വദേശി എം. ലിജില്‍ (26), ശിവപുരം സ്വദേശിയായ കെ. സന്തോഷ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

സ്‌കൂളില്‍നിന്ന് വിനോദയാത്രയ്ക്കു പോകുകയാണെന്നു പറഞ്ഞ് ഈ മാസം പതിനേഴിനു വീട്ടില്‍നിന്നിറങ്ങിയ പെണ്‍കുട്ടി ഒരാഴ്ചയായിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ കുട്ടിയെ കാണാനില്ലെന്നു കാണിച്ചു കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കി. സ്‌കൂളില്‍ അന്വേഷിച്ചപ്പോള്‍ വിനോദയാത്രയ്ക്കു പോയിട്ടില്ലെന്നു വ്യക്തമായി. പോലീസ് അന്വേഷണം നടത്തുന്നതിനിടെ 25-ന് കുട്ടി തിരിച്ചെത്തി. തുടര്‍ന്നു പോലീസ് കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

കേസില്‍ അറസ്റ്റിലായ അരുണ്‍ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന്് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.. കോവളത്തു ഹോട്ടലില്‍ ജീവനക്കാരനായ അരുണിനെ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഒരു വര്‍ഷം മുന്‍പ് പ്രണയം നടിച്ചു മറ്റൊരാളും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ഈ സംഭവത്തിലാണു ശിവപുരം സ്വദേശി ലിജിലിനെ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയും ലിജിലും സഞ്ചരിച്ച കാര്‍ ഓടിച്ചതു സന്തോഷാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെയും അറസ്റ്റ് ചെയ്തത്.

Top