ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം 12 ഇരട്ടി വര്‍ധിച്ചു

ന്യൂഡല്‍ഹി: ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചിട്ട് നാലുദിവസം പിന്നിട്ടപ്പോള്‍ മറ്റ് സൈറ്റുകളില്‍നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത് 12 ഇരട്ടി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഗൂഗിളും ആപ്പിളും തങ്ങളുടെ ആപ് സ്റ്റോറുകളില്‍ നിന്ന് ടിക് ടോക്ക് നീക്കിയെങ്കിലും സമാന്തര ആപ് സ്റ്റോറുകളില്‍ ടിക് ടോക്ക് ഇപ്പോഴും ലഭ്യമാണ്.

ഏപ്രില്‍ 15നാണ് ഇന്ത്യയില്‍ ടിക്ടോക്ക് നിരോധിച്ചത്. ടിക് ടോക്കിന് നിരോധനമേര്‍പ്പെടുത്തിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചതോടെയാണ് നിരോധനം നിലവില്‍ വന്നത്. നിരോധനത്തിന് ശേഷം എപികെമിറര്‍ എന്ന ആപ് സ്റ്റോറില്‍ നിന്ന് ടിക് ടോക്ക് ആപ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം 12 ഇരട്ടി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡൗണ്‍ലോഡ് ചെയ്യുന്നവരില്‍ ഇന്ത്യക്കാരാണ് മുന്നില്‍. നിരോധനത്തിനുശേഷം ഗൂഗിള്‍ സെര്‍ച്ച് ട്രന്‍ഡിങില്‍ ‘ടിക് ടോക്ക് ഡൗണ്‍ലോഡ്’ ഏറെ മുന്നിലെത്തി.

2018ലെ കണക്കനുസരിച്ച് ടിക് ടോക്കിലെ 50 കോടി ഉപയോക്താക്കളില്‍ 39 ശതമാനവും ഇന്ത്യയില്‍നിന്നാണ്. സാംസ്‌കാരിക മ്യൂല്യങ്ങളെ തരംതാഴ്ത്തുന്നു, അശ്ലീലത പ്രചരിപ്പിക്കുന്നു, സാമൂഹ്യപ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുന്നു, കൗമാരക്കാര്‍ക്കിടയില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുന്നു തുടങ്ങിയ പരാതികളാണ് ടിക് ടോക്കിനെതിരെ ഉന്നയിക്കപ്പെട്ടത്.

Top