തിരുവനന്തപുരത്ത് നിയന്ത്രണം കര്‍ശനമാക്കുന്നു; നിയന്ത്രിത മേഖലയില്‍ ഹോം ഡെലിവറി നിരോധിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍. നിയന്ത്രിത മേഖലകളില്‍ ഭക്ഷണത്തിന്റെ ഹോം ഡെലിവറി നിരോധിച്ചു. നഗരത്തില്‍ ക്യാഷ് ഓണ്‍ ഡെലിവറിയും പാടില്ലെന്ന് തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ നിര്‍ദ്ദേശിച്ചു.

അതേമയം, പൂന്തുറ കേന്ദ്രീകരിച്ച് കണ്ട്രോള്‍ റൂം തുറക്കും. തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ച നാല് പേരും നഗരത്തില്‍ നിന്നുള്ളവരാണ്. പൂന്തുറ സ്വദേശിയായ 66 കാരന് രോഗം സ്ഥിരീകരിച്ചത് ഗുരുതരമാണെന്ന് തിരുവനന്തപുരം മേയര്‍ പറഞ്ഞു. ഇയാള്‍ക്ക് യാതൊരുവിധ യാത്ര പശ്ചാത്തലവുമില്ല.

എന്നാല്‍, സൊമാറ്റോ ഡെലിവറി ബോയിക്ക് ഹോം ക്വാറന്റീനില്‍ കഴിയുന്നവരില്‍ നിന്നാവാം രോഗം ബാധിച്ചത് എന്നാണ് കരുതുന്നത്. ഹോം ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഇയാള്‍ ഭക്ഷണം എത്തിച്ച് നല്‍കിയിരുന്നു എന്ന് മേയര്‍ പറഞ്ഞു.നിലവില്‍ നഗരത്തിലെ 12 മേഖലകള്‍ കണ്ടന്‍മെന്റ് സോണുകളാണ്. നിയന്ത്രിത മേഖലകളില്‍ ഹോം ഡെലിവറി പാടില്ലെന്ന് മേയര്‍ നിര്‍ദ്ദേശിച്ചു. നഗരത്തില്‍ ക്യാഷ് ഓണ്‍ ഡെലിവറിയും പാടില്ല. ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് പോകേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ജനം കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top