കടുവകളെ വേട്ടയാടിയിട്ടുണ്ട്; വെളിപ്പെടുത്തലുമായി മഹാരാഷ്ട്രയിലെ ശിവസേന എംഎല്‍എ

മഹാരാഷ്ട്ര: കടുവകളെ വേട്ടയാടിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്രയിലെ ശിവസേന എംഎല്‍എ. വിദര്‍ഭ മേഖലയിലെ ബുല്‍ധാന മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ സഞ്ജയ് ഗെയ്ക്വാദാണ് താന്‍ കടുവകളെ വേട്ടയാടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. കടുവയെ വേട്ടയാടി അവയുടെ പല്ല് മാലയാക്കി കഴുത്തില്‍ അണിഞ്ഞിട്ടുണ്ടെന്നാണ് എംഎല്‍എയുടെ അവകാശവാദം.

ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മദിനമായ ‘ശിവജയന്തി’ ദിനത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടയാണ് എംഎല്‍എ ഇക്കാര്യം പറഞ്ഞത്. ’37 വര്‍ഷം മുമ്പ് ഞാന്‍ കടുവയെ വേട്ടയാടിയിട്ടുണ്ട്. കടുവയെ വേട്ടയാടി അതിന്റെ പല്ല് പിഴുതെടുത്ത് മാലയാക്കി കഴുത്തില്‍ അണിഞ്ഞു. 1987-ല്‍ ഞാന്‍ വേട്ടയാടിയ കടുവയുടെ പല്ലാണിത്’ – തന്റെ കഴുത്തിലെ മാല കാണിച്ചുകൊണ്ട് സഞ്ജയ് ഗെയ്ക്വാദ് പറഞ്ഞു.

എംഎല്‍എയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ മുഖപത്രമായ സാമ്ന അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കടുവകളെ വേട്ടയാടുന്നത് 1987-ന് മുമ്പ് തന്നെ രാജ്യത്ത് ക്രിമിനല്‍ കുറ്റമാക്കിയിരുന്നു. എംഎല്‍എയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്.

Top