വയനാട് വാകേരിയില്‍ വീണ്ടും കടുവയുടെ ആക്രമണം; പശുവിനെ കടിച്ച് കൊന്ന നിലയില്‍ കണ്ടെത്തി

സുല്‍ത്താന്‍ ബത്തേരി: വാകേരി സിസിയില്‍ വീണ്ടും കടുവയുടെ ആക്രമണമെന്ന് സംശയം. ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ പശുവിനെ കടിച്ച് കൊന്ന നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയായിരുന്നു സംഭവം. കടുവ ആക്രമിച്ചതെന്നാണ് നിഗമനം. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

അതേസമയം, കഴിഞ്ഞ ദിവസം വയനാട്ടില്‍ നിന്നും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ച ആണ്‍ കടുവയ്ക്ക് പേരിട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. രുദ്രന്‍ എന്നാണ് പാര്‍ക്ക് അധികൃതര്‍ കടുവയ്ക്ക് ഇട്ടിരിക്കുന്ന പേര്. കടുവയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടെന്നും ഇനിയുള്ള രണ്ടാഴ്ച്ചക്കാലം നിര്‍ണ്ണായകമാണെന്നും ചികിത്സിക്കുന്ന വ്യക്തമാക്കി. ഒന്‍പത് ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കൂടല്ലൂര്‍ കോളനി കവലയില്‍ സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. കലൂര്‍കുന്നില്‍ കടുവയ്ക്കായി കൂട് സ്ഥാപിച്ചെങ്കിലും പിടിതരാതെ കറങ്ങി നടക്കുകയായിരുന്നു. യുവകര്‍ഷകന്‍ പ്രജീഷിനെ കടുവ കൊല്ലപ്പെടുത്തിയിരുന്നു.

കടുവ ഇപ്പോള്‍ പൂര്‍ണ്ണ വിശ്രമത്തിലാണ്. പ്രത്യേക സംഘത്തെ കടുവയെ പരിചരിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. മുഖത്തെ ശസ്ത്രക്രിയ കഴിഞ്ഞു. മരുന്നും മറ്റും നല്‍കേണ്ടതിനാല്‍ ഒരാഴ്ച്ച പ്രത്യേക കൂട്ടില്‍ തന്നെയാണ് പാര്‍പ്പിക്കുക. ഉച്ചയ്ക്ക് നല്‍കിയ പോത്തിറച്ചി പല തവണയായി ഭക്ഷിച്ചു.

Top