രാജധാനിയിൽ ടിക്കറ്റ് ഉറപ്പായില്ലെങ്കില്‍ എയര്‍ ഇന്ത്യയില്‍ പറക്കാൻ അവസരമൊരുക്കി റെയില്‍വേ

air-india

ന്യൂഡല്‍ഹി: രാജധാനി എക്‌സ്പ്രസില്‍ എ സി ഒന്നാം ക്ലാസ്, എ സി രണ്ടാം ക്ലാസ്സ് ടിക്കറ്റ് ബുക്ക് ചെയ്യുകയും എന്നാല്‍ അവ ടിക്കറ്റ് ഉറപ്പാകാതിരിക്കുകയും ചെയ്യുന്ന യാത്രക്കാര്‍ക്ക് പുതിയ ഓഫറുമായി റെയില്‍വേ ബോര്‍ഡ്.

ഇത്തരത്തിൽ ടിക്കറ്റ് ഉറപ്പാകാത്തവർക്ക് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാനുള്ള അവസരമൊരുക്കാനുള്ള നീക്കത്തിലാണ് റെയില്‍വേ.

യാത്രക്കാരൻ പോകേണ്ട സ്ഥലത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റ് നിരക്കും വിമാനടിക്കറ്റും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ ആ തുക നല്‍കിയാല്‍ മതി.

മുമ്പ് എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍ ആയിരിക്കെ അശ്വനി ലോഹാനി മുന്നോട്ടു വച്ചതായിരുന്നു ഈ ആശയം. എന്നാല്‍ ഇതിനോട് അനുകൂലമായ നിലപാടായിരുന്നില്ല അന്ന് റെയില്‍വേ സ്വീകരിച്ചത്.

നിലവില്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനാണ് ലോഹാനി. എയര്‍ ഇന്ത്യയുടെ അംഗീകാരം ലഭിച്ചാല്‍ പദ്ധതി നടപ്പാക്കുമെന്ന് ലോഹാനി വ്യകത്മാക്കി.

രാജധാനിയുടെ എ സി രണ്ടാം ക്ലാസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്ത നിരവധി യാത്രക്കാരാണ് എന്നും സഞ്ചരിക്കുന്നത്. എന്നാല്‍ ഇവരിൽ പലരുടെയും ടിക്കറ്റുകള്‍ കണ്‍ഫോം ആകാറില്ല.

ഇത് വലിയ ബുദ്ധിമുട്ടിന് വഴിവയ്ക്കാറുമുണ്ട്. ഈ സാഹചര്യം പരിഹരിക്കുകയാണ് പുതിയനീക്കത്തിലൂടെ റെയില്‍വേ ലക്ഷ്യമാക്കുന്നത്.

രാജധാനിയിലെ എ സി രണ്ടാം ക്ലാസ്സ് ടിക്കറ്റുകളും എയര്‍ ഇന്ത്യയുടെ നിരക്കും തമ്മില്‍ ചെറിയ വ്യത്യാസമേയുള്ളു- ലോഹാനി കൂട്ടിച്ചേര്‍ത്തു.

എന്നാൽ ഇതു സംബന്ധിച്ച് പെട്ടന്നൊരു തീരുമാനം പറയാൻ കഴിയില്ലായെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ രാജീവ് ബന്‍സല്‍ പറഞ്ഞു. ഇത്തരമൊരു നിര്‍ദേശത്തെ കുറിച്ച് ആദ്യമായി കേള്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top