എടുത്തു ചാട്ടം വിനയായി . . . വയനാട്ടിൽ തുഷാർ കിതക്കുന്നു, മുന്നണിയിൽ പി.സി!

ദേശീയ തലത്തില്‍ സ്റ്റാറാവാന്‍ നോക്കി ഒടുവില്‍ സീറോ ആകുമോ എന്ന ആശങ്കയില്‍ തുഷാര്‍ വെള്ളാപ്പള്ളി.തൃശൂരില്‍ നിന്നും വയനാട്ടിലേക്ക് ഈ ബി.ഡി.ജെ.എസ് നേതാവ് ചേക്കേറിയത് തന്നെ ദേശീയ തലത്തിലെ ഇമേജ് ലക്ഷ്യമിട്ടായിരുന്നു. താനും രാഹുല്‍ ഗാന്ധിയും തമ്മിലാണ് മത്സരമെന്നായിരുന്നു തുഷാര്‍ പ്രതികരിച്ചിരുന്നത്. എന്നാല്‍ അപകടം മുന്‍ കൂട്ടി കണ്ട് ഇടതുപക്ഷം ഉണര്‍ന്നതോടെ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയെ കടത്തിവെട്ടുന്ന പ്രകടനമാണ് വയനാട്ടില്‍ കാഴ്ചവച്ചത്.

ഇതോടെ കഴിഞ്ഞതവണ എന്‍.ഡി.എ നേടിയ 80,752 വോട്ടുകള്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് നിലനിര്‍ത്താന്‍ കഴിയുമോ എന്ന തരത്തിലേക്കാണ് ഇപ്പോള്‍ വയനാട്ടിലെ ചര്‍ച്ച വഴിമാറിയിരിക്കുന്നത്.ഇടതുപക്ഷവും കോണ്‍ഗ്രസ്സും തമ്മില്‍ വാശിയേറിയ മത്സരം നടക്കുമ്പോള്‍ ഏറെ കുറേ അപ്രസക്തമായിരിക്കുകയാണ് എന്‍.ഡി.എ. ശക്തി കുറവാണെങ്കിലും ഇവിടെയുള്ള ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരും ഇപ്പോള്‍ അത്ര ആവേശത്തിലല്ല. വെള്ളാപ്പള്ളി നടേശന്റെ നിലപാടുകള്‍ അത്ര മാത്രം അതൃപ്തി സംഘപരിവാര്‍ അണികളില്‍ ഉണ്ടാക്കിയിട്ടുണ്ട്.

സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് അച്ഛനും മകനും രണ്ട് നിലപാടുകള്‍ സ്വീകരിക്കുന്നതെന്നാണ് കാവി പടയിലെ പൊതുവികാരം. രാഹുല്‍ ഗാന്ധിക്കെതിരെ ശക്തനായ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാത്ത ദേശീയ നേതൃത്വത്തിന്റെ നിലപാടിലും കടുത്ത പ്രതിഷേധത്തിലാണ് അണികള്‍.

സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ചോദിക്കാതെ തുഷാറിനെ വയനാട്ടില്‍ കെട്ടിയിറക്കിയ നടപടിക്ക് ഒരു ‘ഷോക്ക് ട്രീറ്റ് മെന്റ് ‘ പരിവാര്‍ അണികള്‍ വയനാട്ടില്‍ കൊടുക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ബി.ഡി.ജെ.എസിന്റെ യഥാര്‍ത്ഥ ശക്തി ആ പാര്‍ട്ടിയുടെ പരമോന്നത നേതാവ് മത്സരിക്കുന്ന വയനാട്ടില്‍ കാണുമല്ലോ എന്ന ചോദ്യം ബി.ജെ.പിയില്‍ നിന്ന് തന്നെ ഉയര്‍ന്നു കഴിഞ്ഞു.തുടക്കത്തില്‍ ലഭിച്ച വാര്‍ത്താപ്രാധാന്യം ഇപ്പോള്‍ ഇല്ലാതായതും ബി.ഡി.ജെ.എസ് നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.

രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടാലും തുഷാറിന് എന്‍.ഡി.എ അധികാരത്തില്‍ വന്നാല്‍ വലിയ പദവി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍.

അമേഠിയില്‍ രാഹുലിനെതിരെ മത്സരിച്ച് സ്മൃതി ഇറാനി പരാജയപ്പെട്ടപ്പോള്‍ കേന്ദ്രമന്ത്രിയാക്കിയ നടപടിയായിരുന്നു പ്രചോദനം. ഇനി വയനാട്ടില്‍ കഴിഞ്ഞ തവണ പിടിച്ച വോട്ട് പോലും കിട്ടിയില്ലങ്കില്‍ ബി.ഡി.ജെ.എസിന്റെ ‘പണി’ പാളും. നിലവില്‍ സംസ്ഥാനത്ത് എന്‍.ഡി.എയില്‍ രണ്ടാം സ്ഥാനം പങ്കിടുന്ന തുഷാറിന് പി.സി ജോര്‍ജിന്റെ വരവും വലിയ തിരിച്ചടിയാണ്. എം.എല്‍.എ കൂടിയായ പി.സി ജോര്‍ജിന് വലിയ പരിഗണന ഇനി ബി.ജെ.പിക്ക് നല്‍കേണ്ടി വരും. പ്രത്യേകിച്ച് പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ അത്ഭുതം കാട്ടിയാല്‍.

ജോര്‍ജിന്റെ തട്ടകമായ പൂഞ്ഞാര്‍ ഉള്‍പ്പെടെ പത്തനംതിട്ട ലോകസഭ മണ്ഡലത്തിന്റെ ഭാഗമാണ്. ഇരു മുന്നണികളെയും എതിര്‍ത്താണ് പി.സി ജോര്‍ജ് കരുത്ത് കാട്ടിയിരുന്നത്. സ്വന്തമായ ഒരു വോട്ട് ബാങ്ക് തന്നെ അദ്ദേഹത്തിന് ഈ മണ്ഡലത്തിലുണ്ട് .തുഷാറിന്റെ വിലപേശല്‍ രാഷ്ട്രിയത്തെ ഒതുക്കാന്‍ പി.സി ജോര്‍ജിനെ മുന്‍ നിര്‍ത്തുന്നതിലൂടെ കഴിയുമെന്ന കണക്ക് കൂട്ടലും ബി.ജെ.പിയിലെ പ്രബല വിഭാഗത്തിനുണ്ട്.

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം എന്‍.ഡി.എ നേതൃത്വത്തിലും വലിയ രൂപത്തിലുള്ള അഴിച്ചു പണിക്കാണ് ഇതോടെ സാധ്യതയേറിയിരിക്കുന്നത്. പി.സി എന്‍.ഡി.എ തലപ്പത്ത് ബിജെപിക്ക് കൊണ്ടുവരേണ്ടി വരും.ബി.ജെ.പിക്ക് ഇപ്പോള്‍ വിജയ സാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ നായര്‍ വോട്ടുകളാണ് നിര്‍ണ്ണായകം എന്നതിനാല്‍ അവിടങ്ങളില്‍ നേട്ടമുണ്ടായാലും ബി.ഡി.ജെ.എസിന് അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ല.

ഇതോടെ എന്‍.ഡി.എ അധികാരത്തില്‍ വന്നാല്‍ കൂടുതല്‍ സ്ഥാനങ്ങള്‍ കിട്ടുകയില്ലെന്ന് മാത്രമല്ല കയ്യിലുള്ള സ്‌പൈസസ് ബോര്‍ഡ് പോലുള്ള കോര്‍പറേഷനുകള്‍ ബി.ഡി.ജെ.എസിന് നഷ്ടമാകാനും സാധ്യതയുണ്ട്.

അതേസമയം, തുഷാര്‍ വയനാട്ടിലേക്ക് കൂട് മാറിയതോടെ തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിയെ രംഗത്തിറക്കാന്‍ കഴിഞ്ഞത് ബി.ജെ.പിക്ക് വലിയ നേട്ടമായിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങള്‍ പോലെ വലിയ ഓളം തൃശൂരിലും സൃഷ്ടിക്കാന്‍ ഈ സ്ഥാനാര്‍ത്ഥിത്വം കാരണമായിട്ടുണ്ട്. സുരേഷ് ഗോപിയുടെ പ്രചരണ രംഗത്ത് തടിച്ച് കൂടുന്ന ജനങ്ങള്‍ വോട്ടായി മാറിയാല്‍ അത് വലിയ വഴിത്തിരിവാകും

Top