അനേകം സാധാരണക്കാർക്ക് ലഭിക്കാത്ത നീതി തുഷാറിന് നൽകിയത് എന്തിനാണ് ?

എം.എ യൂസഫലിക്ക് ഒരുപാട് പണമുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ സ്വാധീനവുമുണ്ട്. അക്കാര്യം ഈ ലോകത്തെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. ഒരുപാട് സഹായം അദ്ദേഹം പലര്‍ക്കും ചെയ്യുന്നുമുണ്ട്. അത് ബോധപൂര്‍വ്വം വാര്‍ത്തയാക്കുന്നത് വഴി കിട്ടുന്ന നേട്ടവും യൂസഫലിക്ക് തന്നെയാണ്. എല്ലാം തികഞ്ഞ ഒരു ബിസിനസ്സുകാരനോ ബിസിനസ്സ് ഗ്രൂപ്പോ അല്ല അദ്ദേഹത്തിന്റെത്. അക്കാര്യം മുന്‍പ് ഉയര്‍ന്ന വിവാദങ്ങള്‍ പരിശോധിച്ചാല്‍ തന്നെ വ്യക്തമാകുന്നതാണ്.

എന്നാല്‍ എല്ലാ വിവാദങ്ങള്‍ക്കും അല്പായുസ് മാത്രമാണ് ഉണ്ടാകുക. അതിന് കാരണം അധികാര കേന്ദ്രങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലുമുള്ള അദ്ദേഹത്തിന്റെ പവര്‍ തന്നെയാണ്. ഒരു കൈ സഹായത്തിന് തിരിച്ച് ഒരുപാട് സഹായമെന്നതാണ് പിന്തുടരുന്ന രീതി. ഇത്തരമൊരു സഹായമാണ് ഇപ്പോള്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് യൂസഫലിയില്‍ നിന്നും ലഭിച്ചിരിക്കുന്നത്.

തുഷാറിന്റെ മോചനത്തിനു വേണ്ടി കേരള സര്‍ക്കാര്‍ ഇടപെട്ടപ്പോള്‍ പിന്നെ യൂസഫലി എന്തിന് മാറി നില്‍ക്കണം ? സര്‍ക്കാരിന്റെ ആവശ്യം അദ്ദേഹം തന്നെ സാധിച്ചു കൊടുത്തു. അതിന്റെ ഫലമാണ് അകത്തായ തുഷാര്‍ പുറത്തായത്. ജാമ്യത്തുക കെട്ടിവച്ചതോടെയാണ് മോചനം സാധ്യമായത്. എം.എ.യൂസഫലിയുടെ ഇടപെടലുകളാണ് മോചനം എളുപ്പമാക്കിയത്.

തുഷാറിനെ ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ കഠിനശ്രമത്തിലായിരുന്നു എസ്എന്‍ഡിപി അനുകൂല സംഘടനകള്‍. വലിയ തുകയുടെ ചെക്ക് കേസായതിനാല്‍ തുഷാറിന് നേരിട്ടുള്ള ജാമ്യം ലഭിക്കുക പ്രയാസകരമായിരുന്നു. പത്ത് ലക്ഷം ദിര്‍ഹം (രണ്ട് കോടിയോളം രൂപ) കെട്ടിവച്ചതോടെയാണ് ജാമ്യം ലഭിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് 10 ദശലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 19 കോടി രൂപ) ചെക്ക് കേസില്‍ തുഷാറിനെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

തുഷാറിന്റെ യുഎഇയിലെ കെട്ടിട നിര്‍മാണ കമ്പനിയുമായി ബന്ധപ്പെട്ട് നാസില്‍ അബ്ദുല്ല നല്‍കിയ കേസിലായിരുന്നു അറസ്റ്റ്. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയിലെടുത്ത തുഷാറിനെ പിന്നീട് അജ്മാന്‍ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റിയിരുന്നത്. ജാമ്യത്തുക കെട്ടിവെച്ചതോടെ പുറത്തിറങ്ങിയ തുഷാര്‍ തന്നെ സഹായിച്ചവരോടിപ്പോള്‍ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ തുഷാറിന് കിട്ടിയ സഹായം ആ പാവം അറ്റ് ലസ് രാമചന്ദ്രന് കിട്ടിയിരുന്നുവെങ്കില്‍ അദ്ദേഹത്തിന് വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നില്ല. സ്വത്തുക്കള്‍ മുഴുവന്‍ വില്‍ക്കാന്‍ അദ്ദേഹത്തിന്റെ കുടുംബം എല്ലാ ബിസിനസ്സുകാരുടെയും കാല് പിടിച്ചതാണ് അന്ന് ആരൊക്കെ മുഖം തിരിച്ചു എന്നത് അറ്റ് ലസ് രാമചന്ദ്രനോടും ഭാര്യയോടും ചോദിച്ചാല്‍ അവര്‍ തന്നെ പറയും.

ഇതുപോലെ ചെറുതും വലുതുമായ പണം കൊടുക്കാനില്ലാതെ ഗള്‍ഫില്‍ കുടുങ്ങി കിടക്കുന്ന അനവധി മലയാളികളുണ്ട്. അവരെയെല്ലാം അഴിക്കുള്ളിലാക്കിയത് ജീവിത കഷ്ടപ്പാടുകളില്‍ വായ്പ എടുക്കാന്‍ നിര്‍ബന്ധിതമാക്കിയതായിരുന്നു. ചെക്ക് കൊടുത്ത് പണം വാങ്ങുന്നതിലെ അപകടം അറിഞ്ഞും വാങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണ് അവരില്‍ ബഹുഭൂരിപക്ഷവും. കണ്ണീരോടെ ഇങ്ങനെ ഗള്‍ഫില്‍പ്പെട്ടു പോയ നിരവധി പേരില്‍ നിന്നും വ്യത്യസ്ഥമായി എന്ത് പ്രത്യേകതയാണ് തുഷാര്‍ വെള്ളാപ്പള്ളിക്കുള്ളത് ? യൂസഫലിയും മുഖ്യമന്ത്രിയുമാണ് ഈ ചോദ്യത്തിന് മറുപടി പറയേണ്ടത്.

വെള്ളാപ്പള്ളി നടേശന്റെ മകന്‍ എന്നതിലുപരി കേന്ദ്ര- കേരള സര്‍ക്കാറുകള്‍ക്ക് പ്രിയപ്പെട്ടവന്‍ എന്നതാണ് യൂസഫലിയെ സ്വാധീനിച്ച ഘടകം. ഒരു കച്ചവടക്കാരന്റെ തനി നിറമാണ് ഇവിടെ തുറന്ന് കാട്ടപ്പെടുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ചെക്ക് കേസില്‍ കുടുങ്ങിയപ്പോള്‍ കാണിക്കാത്ത ജാഗ്രതയാണ് ഇവിടെ പിണറായി സര്‍ക്കാറും കാണിച്ചിരിക്കുന്നത്.

കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിക്ക് കത്തയച്ച് ഇടപെടാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത് എന്തടിസ്ഥാനത്തിലാണ് ? എത്രയോ പാവങ്ങള്‍ ഇപ്പോഴും ചെക്ക് കേസില്‍പ്പെട്ട് ഗള്‍ഫില്‍ കുടുങ്ങി കിടക്കുന്നുണ്ട്, അവരുടെ മോചനത്തിന് വേണ്ടി എന്താണ് കത്തയക്കാത്തത് ? സ്വന്തം പാര്‍ട്ടി സെക്രട്ടറിയുടെ മകനോട് പോലും ഇല്ലാത്ത താല്‍പര്യം വെള്ളാപ്പള്ളിയുടെ മകനോട് എന്തിനാണ് പിണറായി കാണിക്കുന്നത് ?

സി.പി.എം പ്രവര്‍ത്തകര്‍ പോലും പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. അവര്‍ക്ക് പോലും ബോധ്യപ്പെടുന്ന പ്രവര്‍ത്തിയല്ല ഇപ്പോള്‍ നടന്നിരിക്കുന്നത്. നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കൂടിയായ യൂസഫലി ഒരു കച്ചവടക്കാരന്‍ കൂടി ആയതിനാല്‍ അദ്ദേഹത്തിന്റെ താല്‍പര്യം വ്യക്തമാണ്. എന്നാല്‍ എന്‍.ഡി.എ ഭാരവാഹി കൂടിയായ തുഷാറിന് വേണ്ടി ബി.ജെ.പിക്ക് പോലും ഇല്ലാത്ത താല്‍പര്യം പിണറായിക്ക് എന്തിനാണ് ?

എസ്എന്‍ഡിപി യോഗത്തിന്റെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് നീക്കമെങ്കില്‍ അതു നടക്കില്ല, കാരണം അങ്ങിനൊരു വോട്ട് ബാങ്ക് അവര്‍ക്കില്ലന്നതാണ് യാഥാര്‍ത്ഥ്യം. വോട്ടര്‍ പട്ടികയിലെ മൂന്നില്‍ ഒന്നും ഈഴവരുള്ള വയനാട് ലോക് സഭാ മണ്ഡലത്തില്‍ കെട്ടിവച്ച കാശ്‌പോലും തുഷാര്‍ വെള്ളാപള്ളിക്ക് കിട്ടിയിട്ടില്ല. മുന്‍പ് അവിടെ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയ വോട്ട് പോലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തുഷാറിന് കിട്ടിയില്ലെന്നതും ഓര്‍ക്കണം.

ഈഴവരില്‍ ഭൂരിപക്ഷവും ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്നത് വെള്ളാപള്ളിയെ കണ്ടിട്ടല്ല. അതവരുടെ പരമ്പരാഗതമായ രാഷ്ട്രീയ നിലപാടാണ്. വെള്ളാപള്ളിയെ നവോത്ഥാന നായകനാക്കി പ്രതിഷ്ഠിച്ചപ്പോള്‍ നഷ്ടം മാത്രമാണ് ഇടതുപക്ഷത്തിന് സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പ് ഇതിനൊരു ഉദാഹരണമാണ്. വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ ചരിത്രപരമായ മണ്ടത്തരമാണ് സംസ്ഥാന സര്‍ക്കാരിപ്പോള്‍ കാണിച്ചിരിക്കുന്നത്.

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പരാതി കൊടുത്ത നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പൊലീസ് എത്തിയതും തെറ്റായ നടപടിയാണ്. എന്ത് കാരണം പറഞ്ഞാലും അത് നീതീകരിക്കാന്‍ പറ്റുന്നതല്ല. സ്വന്തം നേട്ടം മാത്രം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്നവരാണ് വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും. പിതാവ് കേരള സര്‍ക്കാറിനെയും മകന്‍ കേന്ദ്ര സര്‍ക്കാറിനെയും പിന്തുണക്കുന്നതിന്റെ ഉദ്ദേശം തന്നെ അതാണ്. അവരുടെ കണക്കുകൂട്ടല്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ ഈ ഇടപെടല്‍. കീരിയും പാമ്പുമായി ഏറ്റുമുട്ടുന്ന സാധാരണക്കാരായ കമ്യൂണിസ്റ്റുകളും സംഘപരിവാറുകാരും ഇതെല്ലാം കണ്ടിപ്പോള്‍ അന്തം വിട്ടിരിക്കുകയാണ്.

രാഷ്ട്രീയ നേതാക്കളുടെ മാത്രമല്ല, സാമുദായിക നേതാവിന്റെ മകന്‍ ചെക്ക് കേസില്‍ കുടുങ്ങിയാലും പുറത്ത് വരും. അവര്‍ക്ക് വേണ്ടി ഭരണകൂടങ്ങളും കോടീശ്വരന്‍മാരും ക്യു നില്‍ക്കും. പക്ഷേ സാധാരണക്കാരന്‍ കുടുങ്ങിയാല്‍ അകത്ത് തന്നെ കിടക്കും. അതിപ്പോള്‍ അറ്റ് ലസ് രാമചന്ദ്രനെ പോലുള്ള പാവം ബിസിനസ്സുകാരനാണെങ്കിലും അനുഭവിച്ചേ പുറത്ത് വരാന്‍ പറ്റുകയുള്ളൂ, കഷ്ടം.

Team Express Kerala

Top