തുഷാറിന്റെ കേസില്‍ ഇടപെട്ടതില്‍ തെറ്റില്ല; മുഖ്യമന്ത്രിയെ പിന്തുണച്ച് കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് വേണ്ടി മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് കത്തയച്ച സംഭവത്തില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഒരു പാര്‍ട്ടിയോടും നേതാവിനോടും എല്‍.ഡി.എഫ് സര്‍ക്കാറിന് വൈരനിര്യാതനമനോഭാവമില്ലെന്ന് കോടിയേരി പറഞ്ഞു.

തുഷാറിന്റെ കേസില്‍ ഇടപെട്ടതില്‍ തെറ്റില്ലെന്നും എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് പ്രസിഡന്റിന് പ്രശ്‌നമുണ്ടായപ്പോള്‍ അദ്ദേഹത്തെ ശരിപ്പെടുത്തിക്കളയാം എന്ന സമീപനമല്ല മുഖ്യമന്ത്രി സ്വീകരിച്ചതെന്നും രാഷ്ട്രീയമായി ഇത്തരം വിഷയങ്ങളെ കാണുന്ന രീതിയില്ലെന്നും കോടിയേരി വ്യക്തമാക്കി.

കോണ്‍ഗ്രസിലെ എത്ര നേതാക്കള്‍ സോളാര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവരെയെല്ലാം സര്‍ക്കാര്‍ ഉടന്‍ അറസ്റ്റ് ചെയ്യാനൊന്നും പോയില്ലല്ലോ. പലരും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. ഇത്തരം കേസുകളുടെ പിന്നാലെ പോയി രാഷ്ട്രീയമുതലെടുപ്പ് നടത്തുന്ന സമീപനം തങ്ങള്‍ക്കില്ല. ഷാര്‍ജ ജയിലിലുണ്ടായിരുന്നവരെയെല്ലാം വിട്ടയക്കാന്‍ നേരത്തെ സര്‍ക്കാര്‍ ഇടപെട്ടില്ലേ, കോടിയേരി ചോദിച്ചു.

ഒരു വ്യക്തി എന്ന നിലയിലാണ് ബിനോയ് കോടിയേരിയുടെ വിഷയം കണ്ടത്. തന്റെ മകന്റെ വ്യക്തിപരമായ കാര്യം അവന്‍ തന്നെ തീര്‍ക്കട്ടെയെന്നായിരുന്നു സമീപനം. അതിലെങ്ങാനും സര്‍ക്കാര്‍ ഇടപെട്ടിരുന്നെങ്കില്‍ മാധ്യമങ്ങള്‍ എന്തെല്ലാം പ്രശ്‌നമുണ്ടാക്കിയേനെ, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top