തുഷാർ വെള്ളാപ്പള്ളിയിൽ കാവിപ്പടക്ക് വിശ്വാസം നഷ്ടമായി, ഇനി പരിഗണിക്കില്ല ?

റ്റ കേസോടെ തന്നെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് അനഭിമതനായി മാറിയിരിക്കുകയാണിപ്പോള്‍ തുഷാര്‍ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസ് പ്രസിഡന്റും എന്‍.ഡി.എ കണ്‍വീനറുമായ തുഷാറിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന ശ്രീധരന്‍ പിള്ളയുടെ വാദം സംഘപരിവാറുകാര്‍ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.

കെട്ടിച്ചമച്ച കേസില്‍ എന്തിന് ഒത്തു തീര്‍പ്പാക്കാന്‍ ചര്‍ച്ച നടത്തണം എന്ന ചോദ്യത്തിനും ഇപ്പോള്‍ ശ്രീധരന്‍പിള്ളയ്ക്കും ഉത്തരമില്ല. സി.പി.എം ആണ് തുഷാറിനെതിരായ കേസിന് പിന്നിലെന്ന അദ്ദേഹത്തിന്റെ വാദവും പൊളിഞ്ഞു കഴിഞ്ഞു. ഇക്കാര്യത്തില്‍ തുഷാറും വെള്ളാപ്പള്ളി നടേശനും പിള്ളയെ തള്ളിയാണ് രംഗത്ത് വന്നിരുന്നത്.

ശ്രീധരന്‍പിള്ളയുടെ നിലപാട് വലിയ ഒരു എടുത്ത് ചാട്ടമായിപ്പോയി എന്ന അഭിപ്രായത്തിലാണ് ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍. സോഷ്യല്‍ മീഡിയയില്‍ ശക്തമായ സാന്നിധ്യമായ പരിവാറുകാര്‍ പോലും തുഷാര്‍ വിഷയത്തില്‍ മൗനത്തിലാണ്.

തുഷാര്‍ എന്‍.ഡി.എക്ക് ഒരു ബാധ്യതയാണെന്ന് വാദിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്ക് വലിയ പിടിവള്ളിയാണ് ഈ സംഭവം. ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പായാലും തുഷാറിന് മുന്നിലെ അധികാര സാധ്യതകളാണ് ഇനി അടയുക. രാജ്യസഭയില്‍ ബി.ജെ.പി കരുണയില്‍ ഒരു സീറ്റ് തുഷാര്‍ നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. അമിത് ഷായുമായുള്ള ബന്ധത്തില്‍ എന്തായാലും സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബി.ഡി.ജെ.എസ് സംസ്ഥാന നേതൃത്വവും.

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനി തുഷാറിനെ ബി.ജെ.പി കേന്ദ്ര നേതൃത്വം പരിഗണിക്കില്ലെന്നാണ് സൂചന. പി. ചിദംബരത്തെ പോലെ മുന്‍ കേന്ദ്രമന്ത്രിയായ കോണ്‍ഗ്രസ്സ് നേതാവിനെയടക്കം അഴിക്കുള്ളിലാക്കിയ കേന്ദ്രത്തിന് അത്തരമൊരു നീക്കം തിരിച്ചടിയാകും.

തുഷാര്‍ അഴിമതി നടത്തിയിട്ടില്ലെങ്കിലും സാമ്പത്തിക വഞ്ചന കാട്ടി എന്ന കാര്യത്തില്‍ കേന്ദ്ര നേതാക്കള്‍ക്കും സംശയമില്ല. എന്‍.ഡി.എ കണ്‍വീനര്‍ക്ക് ചെക്ക് കേസില്‍ അകത്ത് കിടക്കേണ്ടി വന്നത് നാണക്കേടായെന്ന വികാരമാണ് പൊതുവില്‍ ബി.ജെ.പി നേത്യത്വത്തിലുള്ളത്. ഈ സാഹചര്യത്തില്‍ കേരളത്തിന് പുറത്ത് ഏതെങ്കിലും സംസ്ഥാനത്ത് നിന്നും തുഷാറിനെ രാജ്യസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം.

ബി.ഡി.ജെ.എസ്, എന്‍.ഡി.എയുടെ ഭാഗമാണെങ്കിലും അത് കേരളത്തില്‍ മുന്നണിയുടെ വളര്‍ച്ചക്ക് എത്രമാത്രം സഹായകരമാണെന്ന കാര്യത്തിലും ബി.ജെ.പി നേതൃത്വത്തിന് ആശങ്കയുണ്ട്. പ്രത്യേകിച്ച് വെള്ളാപ്പള്ളി നടേശന്‍ ഇടതുപക്ഷ അനുകൂല നിലപാട് തുടരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സംശയം ഏറെയാണ്. എസ്.എന്‍.ഡി.പി യോഗത്തിന്റെ പിന്തുണയില്ലാത്ത ബി.ഡി.ജെ.എസ്, മുന്നണിയില്‍ ഉണ്ടായിട്ടും വലിയ കാര്യമില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം ബി.ജെ.പി നേതാക്കള്‍.

തുഷാറിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രിക്ക് കത്തയച്ചതും ചില സി.പി.എം നേതാക്കളുടെ പ്രതികരണവും ബി.ജെ.പിയെ അമ്പരപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയില്‍ നിന്നും ഇത്തരമൊരു നീക്കം തികച്ചും അപ്രതീക്ഷിതമായിരുന്നു എന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ കരുനീക്കമാണ് പിണറായി ഇപ്പോള്‍ നടത്തിയതെന്നാണ് കാവിപട സംശയിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇനി ബി.ഡി.ജെ.എസുമായുള്ള സഹകരണമെല്ലാം സൂക്ഷിച്ച് മതിയെന്ന അഭിപ്രായം മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കള്‍ക്കുമുണ്ട്.

ഹൈന്ദവ സംഘടനകളെ ഒപ്പം നിര്‍ത്തി മുന്നോട്ട് പോകുക എന്നതാണ് ആര്‍.എസ്.എസ് താല്‍പ്പര്യമെങ്കിലും രാഷ്ട്രീയ നേട്ടത്തിനായി കളം മാറ്റി ചവിട്ടുവാന്‍ ശ്രമിക്കുന്നവരെ ഒപ്പം നിര്‍ത്തണമെന്ന വാശി പരിവാര്‍ നേതൃത്വത്തിന് ഇപ്പോഴില്ല.

വോട്ടര്‍ പട്ടികയില്‍ മൂന്നില്‍ ഒന്നും ഈഴവര്‍ ഉള്ള വയനാട് ലോക്‌സഭ മണ്ഡലത്തില്‍ കെട്ടിവച്ച തുക പോലും തുഷാറിന് ലഭിച്ചിരുന്നില്ല. ഈ യാഥാര്‍ത്ഥ്യം തന്നെയാണ് ബി.ജെ.പിയുടെ താല്‍പ്പര്യ കുറവിനും ഇടയാക്കിയിരിക്കുന്നത്. ഇല്ലാത്ത സ്വാധീനം കാട്ടി പദവികള്‍ തട്ടിയെടുക്കാനാണ് ബി.ഡി.ജെ.എസ് നേതാക്കള്‍ ശ്രമിക്കുന്നതെന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗം കരുതുന്നത്.

അതേസമയം ബി.ഡി.ജെ.എസിനെ ഇടതു മുന്നണിയിലെടുക്കാന്‍ ചില നീക്കങ്ങള്‍ നടക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പോള്‍ വിലയിരുത്തുന്നത്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തന്ത്രപരമായ നീക്കമായിട്ടാണ് അവരും കാണുന്നത്. ഇടതുപക്ഷം ഭരണ തുടര്‍ച്ചയ്ക്ക് കേരള കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തെയും ബി.ഡി.ജെ.എസിനെയും മുന്നണിയിലെടുക്കാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും തള്ളിക്കളയുന്നില്ല.

എസ്.എന്‍.ഡി.പി യോഗത്തിന്റെ പൂര്‍ണ്ണ പിന്തുണ ഇത്തരമൊരു നീക്കത്തിന് ഉണ്ടാകുമെന്നും, വെള്ളാപ്പള്ളി ആഗ്രഹിക്കുന്നതും ഈ സഖ്യമാണെന്നുമാണ് അവരുടെ നിഗമനം. എന്നാല്‍ ബി.ഡി.ജെ.എസിനെ ഇടതുപക്ഷം ഒരിക്കലും മുന്നണിയിലെടുക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്നാണ് ഇടതു നേതാക്കള്‍ പറയുന്നത്. ആര്‍.എസ്.എസിന്റെ ഉല്‍പ്പന്നമാണ് ബി.ഡി.ജെ.എസ് എന്ന കാര്യത്തില്‍ ഇതുവരെ മാറ്റം വരുത്തിയിട്ടില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

Staff Reporter

Top