കേസിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലില്ല; നാസിലിന് പിന്നിലുള്ളവരെ അറിയാം: തുഷാര്‍

കൊച്ചി: ചെക്ക് കേസില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി നല്ല പിന്തുണയാണ് തനിക്ക് ലഭിച്ചതെന്ന് തുഷാര്‍ വെള്ളാപ്പള്ളി. കേസിന് പിന്നില്‍ സി.പി.എം. ആണെന്ന ബി.ജെ.പി. നേതാവ് പി.എസ്. ശ്രീധരന്‍പിള്ളയുടെ പ്രസ്താവന തുഷാര്‍ തള്ളി.മുഖ്യമന്ത്രി പിണറായി വിജയന്‍, എം.എ.യൂസഫലി, മാതാ അമൃതാനന്ദമയി അടക്കമുള്ളവരും പ്രവാസികളും തന്നെ സഹായിച്ചുവെന്നും തുഷാര്‍ പറഞ്ഞു. ദുബായില്‍നിന്ന് തിരിച്ചെത്തിയ ശേഷം ആലുവയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരെ കേസ് നല്‍കിയ നാസിലിന് പിന്നിലുള്ളവരെ തനിക്കറിയാമെന്നും നാസിലിനെതിരെ കേസ് കൊടുക്കാനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നും അദ്ദേഹം മാപ്പുപറഞ്ഞാല്‍ കേസ് നല്‍കുന്നതില്‍നിന്ന് പിന്‍വാങ്ങാമെന്നും തുഷാര്‍ പറഞ്ഞു. അജ്മാനിലെ ചെക്ക് കേസില്‍ സത്യം പുറത്തുവന്നതോടെ സംഭവം ജാതീയ പ്രശ്‌നമാക്കി മാറ്റാന്‍ ശ്രമിച്ചു. നാസില്‍ അബ്ദുള്ള നല്‍കിയ ചെക്ക് കേസ് കള്ളക്കേസാണെന്നും വ്യാജരേഖകള്‍ സമര്‍പ്പിച്ചാണ് കേസ് നല്‍കിയതെന്നും കോടതിക്ക് ബോധ്യപ്പെട്ടെന്നും തുഷാര്‍ പറഞ്ഞു.

അജ്മാന്‍ കോടതിയില്‍ നാസില്‍ നല്‍കിയിരുന്ന ചെക്ക് കേസില്‍ നിന്ന് കുറ്റവിമുക്തനായ തുഷാര്‍ ഇന്ന് രാവിലെയാണ് തിരികെ കേരളത്തിലെത്തിയത്. ദുബായില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ തുഷാറിന് എസ്.എന്‍.ഡി.പി യൂണിയന്‍ വന്‍ സ്വീകരണം ഒരുക്കിയിരുന്നു. രാവിലെ ഒന്‍പതുമണിയോടെയാണ് അദ്ദേഹം കൊച്ചിയില്‍ എത്തിയത്. ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരും ബി.ഡി.ജെ.എസിന്റെ നേതാക്കളും തുഷാറിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ള നല്‍കിയ ചെക്ക് കേസിലാണ് തുഷാര്‍ ജയിലിലാകുന്നത്. കേസ് ഒത്തുതീര്‍ക്കാനെന്ന വ്യാജേന അജ്മാനിലേക്ക് വിളിച്ച് വരുത്തിയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് നാസില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ യഥാര്‍ത്ഥമല്ലെന്ന് കണ്ടെത്തിയതോടെ തുഷാര്‍ കുറ്റവിമുക്തനാവുകയായിരുന്നു.

Top