ബി.ഡി.ജെ.എസ് തലവൻ തുഷാർ വെള്ളാപ്പള്ളി അറസ്റ്റിൽ !!

അജ്മാന്‍ : ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍. യുഎഇയിലെ അജ്മാനിലാണ് തുഷാര്‍ അറസ്റ്റിലായത്. ചെക്ക് കേസിലാണ് അറസ്റ്റ്.

അജ്മാന്‍ സെന്‍ട്രല്‍ ജയിലിലാണ് തുഷാറിനെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്. ബിസിനസ് പങ്കാളിക്കു നല്‍കിയ 10 ദശലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 19 കോടി രൂപ) ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്.

അജ്മാനിലുള്ള തൃശൂര്‍ സ്വദേശിയാണ് അജ്മാന്‍ പോലീസ് സ്റ്റേഷനില്‍ രണ്ട് ദിവസം മുമ്പ് തുഷാറിന് എതിരെ പരാതി നല്‍കിയത്. എന്നാല്‍ കേസ് സംബന്ധിച്ച് തുഷാര്‍ വെളളാപ്പള്ളിക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ല. പോലീസില്‍ പരാതി നല്‍കിയത് മറച്ചുവെച്ചുകൊണ്ട് ചെക്ക് കേസ് സംസാരിച്ചു തീര്‍ക്കാമെന്ന് പറഞ്ഞ് തുഷാറിനെ പരാതിക്കാര്‍ കേരളത്തില്‍ നിന്ന് അജ്മാനിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിന്റെ ചര്‍ച്ചക്കിടയിലാണ് പരാതിക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്.

എന്‍.ഡി.എ കേരള ഘടകം നേതാവ് കൂടിയായ തുഷാറിന്റെ അറസ്റ്റ് രാഷ്ട്രീയ കേരളത്തിലും വലിയ വിവാദത്തിനാണ് ഇനി തിരികൊളുത്തുക. പ്രത്യേകിച്ച് അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി മുന്‍ കേന്ദ്ര മന്ത്രി പി.ചിദംബരത്തെ തന്നെ സി.ബി.ഐ അറസ്റ്റ് ചെയ്തതിനാല്‍ ബി.ജെ.പിക്കും ഇനി സൂക്ഷിച്ചേ പ്രതികരിക്കാന്‍ പറ്റുകയൊള്ളു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെയടക്കം ഇടപെടിവിച്ച് തുഷാറിനെ പുറത്തിറക്കാന്‍ പറ്റുമോയെന്നാണ് ഇപ്പോള്‍ ബി.ഡി.ജെ.എസ് നേതാക്കള്‍ നോക്കുന്നത്. എന്നാല്‍ ചെക്ക് കേസില്‍ യു.എ.ഇ നിയമം കടുത്തതായതിനാല്‍ പണം നല്‍കി ഒത്തുതീര്‍പ്പാക്കാതെ യു.എ.ഇ ഭരണകൂടത്തിനും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല.

അറ്റ്‌ലസ് രാമചന്ദ്രന്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചെക്ക് കേസുകളിലും വായ്പ തിരിച്ചടക്കാത്തതിലും പെട്ട് ഇവിടെ ജയിലിലായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരാതിക്കാരിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തിരക്കിട്ട് നടക്കുന്നുണ്ട്. എസ്.എന്‍.ഡി.പി യോഗം ഭാരവാഹി കൂടിയായ തുഷാറിന്റെ അറസ്റ്റ് സംഘടനക്കും മാനക്കേടായിരിക്കുകയാണിപ്പോള്‍. തുഷാറിന്റെ പിതാവ് വെള്ളാപ്പള്ളി നടേശന്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കേരളത്തില്‍ അടുത്ത് തന്നെ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തുഷാറിന്റെ ഈ അറസ്റ്റ് എതിരാളികള്‍ക്ക് വലിയ രാഷ്ട്രിയ ആയുധമാകും. ലോക് സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വയനാട് മണ്ഡലത്തില്‍ മത്സരിച്ച തുഷാറിന് കെട്ടിവച്ച കാശ്‌പോലും നഷ്ടമായിരുന്നു.

Top