തുഷാറിന് തിരിച്ചടി ; ഇളവ് തേടിയുള്ള അപേക്ഷ കോടതി തള്ളി

ദുബായ്: ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിക്കൊണ്ട് തുഷാര്‍ വെള്ളാപ്പള്ളി സമര്‍പ്പിച്ച അപേക്ഷ അജ്മാന്‍ കോടതി തള്ളി.

സുഹൃത്തായ യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവച്ച്‌ സ്വന്തം പാസ്‌പോര്‍ട്ട് വാങ്ങി നാട്ടിലേക്ക് മടങ്ങാനായിരുന്നു തുഷാര്‍ ശ്രമിച്ചിരുന്നത്. ഇനി വിചാരണ പൂര്‍ത്തിയാക്കി കുറ്റവിമുക്തനായാല്‍ മാത്രമേ തുഷാറിന് മടങ്ങാനാകൂ. അല്ലെങ്കില്‍ കേസ് ഒത്തുതീര്‍പ്പാക്കണം.

കേസിന്റെ വിചാരണ തീരുന്നത് വരെയോ കോടതിക്ക് പുറത്തു കേസ് ഒത്തു തീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് തുഷാറിന് ജാമ്യം അനുവദിച്ചിരുന്നത്. തുഷാറിന് യാത്രാവിലക്കും ഉണ്ട്. പാസ്‌പോര്‍ട്ട് അടക്കം കോടതി വാങ്ങിവച്ചിരുന്നു.

ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് തുഷാര്‍ യുഎഇയിലെ അജ്മാനില്‍ അറസ്റ്റിലായത്. അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് തുഷാര്‍ വെള്ളാപ്പള്ളിയെ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷം മുമ്ബ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്ബനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് നടപടി.

Top