തുഷാറിന്റെ മന്ത്രി മോഹവും പൊലിഞ്ഞു, വെള്ളാപ്പള്ളി മൂലം ഇടതും കഷ്ടത്തിലായി !

ണ്ടു തോണിയില്‍ കാല്‍ വെച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍വെള്ളാപ്പള്ളിയും നടത്തിയ രാഷ്ട്രീയ നാടകത്തിന് ഇപ്പോള്‍ പര്യവസാനമായി. വയനാട്ടില്‍ തുഷാറിന് കെട്ടിവെച്ച കാശുപോലും ലഭിക്കാതെ നാണംകെട്ട പരാജയമാണ് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ ബി.ജെ.പി വോട്ടിങ് ശതമാനം കുത്തനെ വര്‍ധിപ്പിച്ചപ്പോള്‍ വയനാട്ടില്‍ കഴിഞ്ഞ വര്‍ഷത്തെ വോട്ടുപോലും നേടാനാവാത്ത ദയനീയ പ്രകടനമാണ് തുഷാര്‍ നടത്തിയത്.

ഈ മണ്ഡലത്തില്‍ കെട്ടിവെച്ച കാശ്‌പോലും നഷ്ടമാക്കിയ പ്രകടനം തുഷാര്‍ വെള്ളാപ്പള്ളിയുടെ കേന്ദ്രമന്ത്രിപദമോഹത്തിനും തിരിച്ചടിയായിരിക്കുകയാണ്. 2014ല്‍ അമേഠിയില്‍ രാഹുലിനെതിരെ മത്സരിച്ച് പരാജയപ്പെട്ട സ്മൃതി ഇറാനിയെ രാജ്യസഭയിലെത്തിച്ച് ബി.ജെ.പി കേന്ദ്ര ക്യാബിനറ്റ് മന്ത്രിസ്ഥാനം നല്‍കിയിരുന്നു. ഇതുപോലൊരവസരം തനിക്ക് ലഭിക്കുമെന്നാണ് തുഷാര്‍ പ്രതീക്ഷിച്ചിരുന്നത്.

2009തില്‍ അമേഠിയില്‍ രാഹുലിനുണ്ടായ 3,70198 വോട്ടിന്റെ ഭൂരിപക്ഷം സ്മൃതി 2014ല്‍ 1,07,903 ആയി കുത്തനെ കുറച്ചിരുന്നു. ഇതിനുള്ള പ്രതിഫലമായാണ് മോദി ആദ്യ മന്ത്രിസഭയില്‍ തന്നെ സമൃതിക്ക് അവസരം നല്‍കിയിരുന്നത്. ഇത്തവണ രാഹുലിനെ തോല്‍പ്പിച്ച് അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സ്മൃതി അമേഠി പിടിച്ചെടുത്തിരിക്കുന്നത്. ഈ വിജയം അവര്‍ക്ക് വീണ്ടും കേന്ദ്രമന്ത്രി പദത്തിലെത്താനുള്ള അവസരമാണ് സൃഷ്ടിച്ചിരിക്കുന്നത്.

എന്നാല്‍ തുഷാറാകട്ടെ വയനാട്ടില്‍ 2014ല്‍ ബി.ജെ.പിക്ക് ഉണ്ടായിരുന്ന 80,752 വോട്ടുകള്‍ 78,816 വോട്ടായി കുറച്ചാണ് വലിയ പരാജയമായി മാറിയത്. മാവോലിക്കരയിലെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി തഴവ സഹദേവന്‍ 1,33546 വോട്ടുപിടിച്ചപ്പോഴാണ് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റായ തുഷാര്‍ വയനാട്ടില്‍ വോട്ടുപിടിക്കാതെ ഇത്തരത്തില്‍ നാണംകെട്ടത് .

തൃശൂരില്‍ തുഷാറിനു പകരം സ്ഥാനാര്‍ത്ഥിയായെത്തിയ സിനിമാതാരം സുരേഷ്‌ഗോപി കേവലം 17 ദിവസം മാത്രം പ്രചരണം നടത്തിയാണ് മൂന്നു ലക്ഷത്തോളം വോട്ടുപിടിച്ചത്. കഴിഞ്ഞ തവണ ബി.ജെ.പി തൃശൂരില്‍ നേടിയതിനേക്കാളും 1,91143 വോട്ടുകളുടെ വര്‍ധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ മൂന്നുലക്ഷത്തിനടുത്ത് വോട്ടുകളാണ് നേടിയത്. ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും പാലക്കാട് കൃഷ്ണകുമാറും രണ്ടു ലക്ഷത്തിലേറെ വോട്ടുകളും സമാഹരിച്ചിട്ടുണ്ട്.

ബി.ഡി.ജെ.എസിന്റെ സഹായമില്ലാതെ തന്നെ ബിജെപിക്ക് ഒറ്റക്ക് മുന്നോട്ട് പോകാന്‍ കഴിയുമെന്ന സന്ദേശമാണ് ഈ വര്‍ദ്ധനവ് നല്‍കുന്നത്. 2014നെ അപേക്ഷിച്ച് ഇത്തവണ ബി.ഡി.ജെ.എസിന്റെ സാന്നിധ്യം തന്നെ കുറവായിരുന്നു. വെള്ളാപ്പള്ളി നടേശന്‍ സിപിഎം അനുകൂല നിലപാട് സ്വീകരിച്ചതും ബി.ഡി.ജെ എസിന് തിരിച്ചടിയായി. അപ്പനും മകനും അവസരവാദ രാഷ്ട്രീയം കളിക്കുകയാണെന്ന പ്രചരണവും ശക്തമായിരുന്നു. ഇതാണ് ബിജെപി വോട്ട് പോലും സമാഹരിക്കാന്‍ പറ്റാത്ത നിലയില്‍ തുഷാറിനെ കൊണ്ടെത്തിച്ചത്.

നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പൈലി വാദ്യാട്ടിനെ മാറ്റിയാണ് ബി.ജെ.പി പ്രസിഡന്റ് അമിത്ഷാ വയനാട്ടില്‍ തുഷാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ബി.ജെ.പി വോട്ടിനൊപ്പം ഈഴവ വോട്ടുകളും ഹിന്ദു വോട്ടുകളുടെ ഏകീകരണവും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം.രാഹുല്‍ മത്സരിക്കുന്നത് പാക്കിസ്ഥാനിലാണോ എന്നു ചോദിച്ച് അമിത്ഷായും ‘ഭൂരിപക്ഷത്തിന് സ്വാധീനമുള്ള അമേഠിയില്‍ നിന്നും ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള വയനാട്ടിലേക്ക് രാഹുല്‍ ഒളിച്ചോടിയെന്ന്’ പറഞ്ഞ് മോദിയും വര്‍ഗീയ ധ്രുവീകരണത്തിനും വഴിമരുന്നിട്ടു. എന്നാല്‍ ഇതൊന്നും വയനാടിന്റെ മണ്ണില്‍ വിലപോയില്ല.

എസ്.എന്‍.ഡി.പി വോട്ടുകള്‍ പോലും നേടാനും തുഷാറിന് കഴിഞ്ഞില്ല. മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകരില്‍ നിന്നും തണുത്ത പ്രതികരണമാണ് തുഷാറിന് ആദ്യാവസാനം ലഭിച്ചിരുന്നത്. രാഹുലിനെതിരെ താമര ചിഹ്നത്തില്‍ മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന നിലപാടായിരുന്നു ബിജെപി സംസ്ഥാന നേതാക്കള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ കേന്ദ്ര നേതൃത്വം ഹിന്ദു വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് തുഷാറിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ഈ പരീക്ഷണമാണ് ഇപ്പോള്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നത്.


ഇതോടെ തുഷാറിന്റെ രാഷ്ട്രീയ ഭാവിയും തുലാസിലായിരിക്കുകയാണ്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശനും തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാണ് നല്‍കുന്നത്. പരസ്യമായി ഇടതുപക്ഷത്തെ പിന്തുണച്ചിട്ടും ഒറ്റ സീറ്റിലൊതുങ്ങി ഇടതുപക്ഷം. ആലപ്പുഴിയില്‍ ആരിഫ് തോറ്റാല്‍ മൊട്ടയടിക്കുമെന്നും വെള്ളാപ്പള്ളി ഭീഷണി മുഴക്കിയിരുന്നു.

ഇതിനെതിരെ സിപിഎം അണികളും കലിപ്പിലായിരുന്നു. തോല്‍ക്കുമെന്ന് തിരിച്ചറിഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് കൊണ്ട് മാത്രമാണ് ആരിഫിന് ഇവിടെ നിന്നും കര കയറാന്‍ കഴിഞ്ഞത്. ഷാനിമോള്‍ ഉസ്മാനെതിരായ കോണ്‍ഗ്രസിലെ തന്നെ പാരയും വലിയ ഗുണമായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ തുഷാറിനോ ബി.ഡി.ജെ.എസിനോ മോദി സര്‍ക്കാര്‍ ഒരു പരിഗണനയും നല്‍കാന്‍ സാധ്യതയില്ല.

അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയപ്പോഴും കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കിയപ്പോഴും സുരേഷ്‌ഗോപിയെയും വി. മുരളീധരനെയും എം.പിമാരാക്കിയപ്പോഴും തുഷാറിനെ കഴിഞ്ഞ തവണയും കേന്ദ്ര നേതൃത്വം തഴഞ്ഞിരുന്നു. മന്ത്രി പദം മോഹിച്ച് വയനാട് ചുരം കയറിയ തുഷാറിന്റെ ബി.ഡി.ജെ.എസിന് ഇപ്പോള്‍ കയ്യിലുള്ള സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനവും നഷ്ടമാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

Top