ചെക്ക് കേസില്‍ യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കെട്ടിവച്ച് തുഷാര്‍ കേരളത്തിലേക്ക്

ദുബായ്: ചെക്ക് കേസില്‍ യുഎഇയില്‍ പിടിയിലായ തുഷാര്‍ വെള്ളാപള്ളി നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാമെന്ന തുഷാറിന്റെ ശ്രമം വൈകുന്ന സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാനുള്ള നീക്കം.

യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവച്ച് ജാമ്യ വ്യസ്ഥയില്‍ ഇളവ് വാങ്ങി കേരളത്തിലേക്ക് മടങ്ങാനാണ് ശ്രമം. കേസിന്റെ തുടര്‍ നടത്തിപ്പുകള്‍ക്ക് സുഹൃത്തായ അറബിയുടെ പേരില്‍ തുഷാര്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി കഴിഞ്ഞു. ഇന്നിത് കോടതിയില്‍ സമര്‍പ്പിക്കും.

സ്വദേശിയുടെ പാസ്‌പോര്ട് സമര്‍പ്പിച്ചാല്‍ തുഷാറിന്റെ പാസ്‌പോര്ട് കോടതി വിട്ടു കൊടുക്കും. ആള്‍ ജാമ്യത്തിനൊപ്പം കൂടുതല്‍ തുകയും കോടതിയില്‍ കെട്ടി വയ്ക്കേണ്ടി വരും. നേരത്തെ തുഷാറിന് ജാമ്യം ലഭിക്കുന്നതിനാവശ്യമായ പണം കോടതിയില്‍ കെട്ടിവച്ച വ്യവസായി എംഎ യൂസഫലി തന്നെ ഇത്തവണയും സഹായിച്ചേക്കും.

വിചാരണ തീരുന്നത് വരെയോ അല്ലെങ്കില്‍ കോടതിക്ക് പുറത്തു കേസ് ഒത്ത തീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാന്‍ കോടതി കഴിഞ്ഞ വ്യാഴാഴ്ച്ച തുഷാറിന് ജാമ്യം അനുവദിച്ചത്. തുഷാറിന്റെ പാസ്‌പോര്‍ട്ട് വാങ്ങി വയ്ക്കുകയും യാത്രാവിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Top