അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

അജ്മാന്‍: അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇന്നലെയാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ വച്ച് അറസ്റ്റിലായത്. യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

അജ്മാന്‍ സെന്‍ട്രല്‍ ജയിലിലാണ് തുഷാറിനെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്. ബിസിനസ് പങ്കാളിക്കു നല്‍കിയ ഒരു കോടി ദിര്‍ഹത്തിന്റെ(19 കോടിയിലേറെ രൂപ) ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്.

ഏത് വിധേനയെങ്കിലും തുഷാറിനെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍. വ്യാഴാഴ്ചയായതിനാല്‍ ഇന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ പൊതു അവധിയായതിനാല്‍ രണ്ട് ദിവസം കൂടി തുഷാര്‍ ജയിലില്‍ കിടക്കേണ്ടി വരും. കേന്ദ്രസര്‍ക്കാരിന്റെ സഹായം വെള്ളാപ്പള്ളിയും കുടുംബവും തേടിയതായാണ് റിപ്പോര്‍ട്ട്.

അജ്മാനിലുള്ള തൃശൂര്‍ സ്വദേശിയാണ് അജ്മാന്‍ പോലീസ് സ്റ്റേഷനില്‍ രണ്ട് ദിവസം മുമ്പ് തുഷാറിന് എതിരെ പരാതി നല്‍കിയത്. എന്നാല്‍ കേസ് സംബന്ധിച്ച് തുഷാര്‍ വെളളാപ്പള്ളിക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ല. പോലീസില്‍ പരാതി നല്‍കിയത് മറച്ചുവെച്ചുകൊണ്ട് ചെക്ക് കേസ് സംസാരിച്ചു തീര്‍ക്കാമെന്ന് പറഞ്ഞ് തുഷാറിനെ പരാതിക്കാര്‍ കേരളത്തില്‍ നിന്ന് അജ്മാനിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിന്റെ ചര്‍ച്ചക്കിടയിലാണ് പരാതിക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്.

Top