രാഹുലിനെ നേരിടാൻ ‘കടലാസ് പുലിയെ’ ഇറക്കിയത് ബി.ജെ.പിയുടെ മണ്ടത്തരം

തുഷാര്‍ വെള്ളാപ്പള്ളിയെ വയനാട് ലോകസഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള എന്‍.ഡി.എ തീരുമാനത്തില്‍ ഞെട്ടി രാഷ്ട്രീയ കേന്ദ്രങ്ങള്‍.

എസ്.എന്‍.ഡി.പി യോഗത്തിനോ ബി.ഡി.ജെ.എസിനോ ഈ മണ്ഡലത്തിലെ ഈഴവ വോട്ട് ബാങ്കില്‍ പോലും ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിയില്ലന്നിരിക്കെ വലിയ മണ്ടത്തരമാണ് ബി.ജെ.പി നേതൃത്വം കാണിച്ചതെന്നാണ് രാഷ്ട്രിയ നിരീക്ഷകരുടെ അഭിപ്രായം. മകനെ അനുഗ്രഹിച്ച് മത്സരിക്കാന്‍ വിട്ടതിലൂടെ വെള്ളാപ്പള്ളി നടേശന്റെ തനി നിറവും പുറത്തായി കഴിഞ്ഞു.

യു.പി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധിയെ രാഷ്ട്രിയത്തില്‍ പുതുമുഖമായ തുഷാര്‍ നേരിടുന്നത് ദേശീയ തലത്തില്‍ തന്നെ ബി.ജെ.പിക്ക് മാനക്കേടാണ് ഉണ്ടാക്കുക. താമര ചിഹ്നത്തില്‍ ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ രാഹുലിനെതിരെ രംഗത്തിറക്കാന്‍ കഴിയാത്തതില്‍ അണികളും കടുത്ത അസംതൃപ്തിയിലാണ്. ആകെ ഒരു നേട്ടം ബി.ജെ.പിക്ക് ഉള്ളത് തൃശൂര്‍ സീറ്റ് ബി.ഡി.ജെ.എസില്‍ നിന്നും ലഭിക്കും എന്നത് മാത്രമാണ്. കഴിഞ്ഞ തവണ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വയനാട്ടില്‍ പിടിച്ച 80,752 വോട്ടിനേക്കാള്‍ കൂടുതല്‍ തുഷാറിന് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഒരു വലിയ ദുരന്തമാകും.

ഇവിടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.പി സുനീറും രാഹുല്‍ ഗാന്ധിയും നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിയാതെ കാഴ്ചക്കാരന്റെ റോളിലേക്ക് തുഷാറിന് ഒതുങ്ങേണ്ടി വരും. ദേശീയ തലത്തില്‍ ബി.ജെ.പിക്കാണ് അത് മാനക്കേട് ഉണ്ടാക്കുക ഇടതുപക്ഷമാകട്ടെ രാഹുലിനെതിരെ സകല ശക്തിയും എടുത്ത് പോരാടാനാണ് രംഗത്തിറങ്ങിയിരിക്കുന്നത്.

ലീഗിന്റെയും ചില മത തീവ്രവാദ സംഘടനകളുടെയും പിന്തുണയില്‍ രാഹുല്‍ വിജയിക്കാന്‍ ശ്രമിക്കുന്നത് എന്ത് സന്ദേശമാണ് നാടിന് നല്‍കുക എന്ന ചോദ്യം സി.പി.എം ഉയര്‍ത്തി കഴിഞ്ഞു. ബി.ജെ.പി അല്ല ഇടതുപക്ഷമാണ് രാഹുലിന്റെയും കോണ്‍ഗ്രസ്സിന്റെയും ശത്രു എന്ന് പറഞ്ഞ് ആഞ്ഞടിക്കാനാണ് ചെമ്പടയുടെ തീരുമാനം.നിലവിലെ മണ്ഡലത്തിലെ കണക്കുകളും ഇടതുപക്ഷത്തിന് പോരാട്ടത്തിന് കരുത്ത് പകരുന്നതാണ്.

20,000 ത്തോളം വോട്ടിന് മാത്രമാണ് 2014 ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നത്. അതിന് മുന്‍പ് ഒന്നര ലക്ഷത്തോളം ആയിരുന്നു ഭൂരിപക്ഷം. രാഹുലിന് ചുരുങ്ങിയത് 2 ലക്ഷത്തിന്റെ എങ്കിലും ഭൂരിപക്ഷത്തിന് വിജയിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ കോണ്‍ഗ്രസ്സിന് ദേശീയ തലത്തില്‍ തന്നെ വലിയ നാണക്കേടാകും.

അമേഠി വിട്ട് രാഹുല്‍ വയനാട് ചുരം കയറിയത് തന്നെ സുരക്ഷിത മണ്ഡലം തേടിയാണ്. അമേഠി ലോകസഭ മണ്ഡലത്തില്‍ ആകെയുള്ള 5 നിയമസഭ സീറ്റുകളില്‍ 4 എണ്ണത്തില്‍ ബി.ജെ.പിയും ഒരെണ്ണത്തില്‍ സമാജ് വാദി പാര്‍ട്ടിയുമാണ് വിജയിച്ചത്.അതായത് ഒരു നിയമസഭ മണ്ഡലം പോലും നിലവില്‍ കോണ്‍ഗ്രസ്സിന്റെ പക്കല്‍ ഇല്ല എന്ന് വ്യക്തം.

ഇവിടെ മാത്രം വിജയപ്രതീക്ഷ വച്ച് മുന്നോട്ട് പോയാല്‍ പണി പാളുമെന്ന് നന്നായി അറിയുന്നത് കൊണ്ടാണ് വയനാട്ടിലേക്ക് രാഹുല്‍ വച്ച് പിടിച്ചത്. മറ്റൊരു മണ്ഡലവും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന് വിജയിക്കുമെന്ന് ഉറപ്പില്ല.

മോദിയല്ല, അമിത് ഷായുമല്ല, ഇടതു സ്ഥാനാര്‍ത്ഥി പി പി സുനീറാണ് രാഹുലിന്റെ ഇപ്പോഴത്തെ എതിരാളി എന്നതാണ് രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ.

ഗതികേട് എന്നല്ലാതെ ഇതിനെ മറ്റെന്ത് പറയണം. ബി.ജെ.പിയുടെ കോട്ടയില്‍ കയറി അവിടെ പൊരുതി ജയിക്കാന്‍ ആത്മവിശ്വാസമില്ലാത്തവനാണ് രാജ്യം ഭരിക്കാന്‍ ആഗ്രഹിക്കുന്നത്. അതും സകല വര്‍ഗ്ഗീയ സംഘടനകളുടെയും പിന്തുണയും വാങ്ങി. തീവ്രവാദ സംഘടനകളുടെ വോട്ട് വേണ്ട എന്ന് പരസ്യമായി പറയുന്ന ആര്യാടന്‍ മുഹമ്മദും ഇക്കാര്യത്തില്‍ ഇനി നിലപാട് വ്യക്തമാക്കണം.

കാരണം താങ്കളുടെ വോട്ടും വയനാട് ലോകസഭ മണ്ഡലത്തിലാണ്. രാഹുലിനെ വിജയിപ്പിക്കേണ്ട ദൗത്യം ഏറ്റെടുക്കേണ്ട ആര്യാടന്‍ മുന്‍പ് വോട്ട് വേണ്ട എന്ന് പറഞ്ഞവരോട് ഇനി എന്തു പറയും എന്നറിയാന്‍ രാഷ്ട്രീയ കേരളത്തിന് ആകാംഷയുണ്ട്.

Top