പട്ടാള അട്ടിമറി; തുര്‍ക്കിയില്‍ നടന്ന വ്യാപക റെയ്ഡില്‍ അറസ്റ്റിലായത് മുന്നൂറിലധികം പേര്‍

തുര്‍ക്കി: പട്ടാള അട്ടിമറിയുമായി ബന്ധപ്പെട്ട് തുര്‍ക്കിയില്‍ മുന്നൂറിലധികം പേരെ അറസ്റ്റ് ചെയ്തു. 2016 ല്‍ പ്രസിഡന്റ് റജ്ബ് ത്വയ്യിബ് ഉര്‍ദുഗാനെതിരായ പട്ടാള അട്ടിമറിയുമായി ബന്ധപ്പെട്ട കേസിലാണ് ഇത്രയധികം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇസ്താംബുള്ളില്‍ നടന്ന വ്യാപകമായ റെയ്ഡിനൊടുവിലായിരുന്നു അറസ്റ്റ്. ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് റെയ്ഡുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ഇസ്തംബൂള്‍, അങ്കാറ, ഇസ്മിര്‍ പ്രവിശ്യകളിലായിരുന്നു റെയ്ഡ്. 324 പേരെയാണ് അറസ്റ്റ് ചെയ്തത്. 2016-ലെ പട്ടാള അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് തുര്‍ക്കി ആരോപിക്കുന്ന ഫതഹുല്ല ഗുലനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരാണ് അറസ്റ്റിലായത്.

പ്രസിഡന്റ് റജ്ബ് ത്വയ്യിബ് ഉര്‍ദുഗാനെതിരായ പട്ടാള അട്ടിമറിക്ക് പിന്നില്‍ താനെന്ന് ഫതഹുല്ല ഗുലെന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ 76 പ്രവിശ്യകളില്‍ നടത്തിയ പരിശോധനയില്‍ 760 പേരെ അറസ്റ്റ് ചെയ്തിരുന്നു. 122 പേരെ പിന്നീട് വിട്ടയച്ചു. ഫതഹുല്ല ഗുലെനുമായി ബന്ധമുള്ള പതിനായിരക്കണക്കിന് പേര്‍ ഇതിനോടകം തുര്‍ക്കിയല്‍ പിടിയിലായിട്ടുണ്ട്.

Top