‘ഹി ഈസ് എ ഗ്യാങ്സ്റ്റാ’; സ്ക്രീനില്‍ പൊടിപാറിക്കാന്‍ ‘എകെ’, തുനിവ് സോംഗ് എത്തി

മിഴ് സിനിമയിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിൽ പ്രധാനിയാണ് അജിത്ത് കുമാർ. ഗ്രാമ- നഗര ഭേദമില്ലാതെ തിയറ്ററുകളിൽ ആളെ നിറയ്ക്കാറുണ്ട് അദ്ദേഹം. അടുത്ത വർഷത്തേക്ക് ചാർട്ട് ചെയ്തിരിക്കുന്ന റിലീസുകളിൽ കോളിവുഡ് വ്യവസായം പ്രതീക്ഷാപൂർവ്വം കാത്തിരിക്കുന്ന ഒന്ന് അജിത്ത് നായകനാവുന്ന തുനിവ് ആണ്. ഇപ്പോഴിതാ ആരാധകർക്കുള്ള ക്രിസ്മസ് സമ്മാനമായി ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ഹി ഈസ് എ ഗ്യാങ്സ്റ്റാ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ഷബീർ സുൽത്താനും വിവേകയും ചേർന്നാണ്. ജിബ്രാൻ സംഗീതം പകർന്നിരിക്കുന്ന ഗാനം ആലപിച്ചത് ഷബീർ സുൽത്താനും ജിബ്രാനും ചേർന്നാണ്.

ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായിക എന്നത് മലയാളികളെ സംബന്ധിച്ച് ഏറെ താൽപര്യമുണർത്തുന്ന ഘടകമാണ്. എച്ച് വിനോദ് ആണ് ചിത്രത്തിൻറെ സംവിധാനം. നേർകൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോൺ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു.

പൊങ്കൽ റിലീസ് ആണ് ചിത്രം. വരുന്ന പൊങ്കലിന് തമിഴ് ബോക്സ് ഓഫീസ് ഒരു താരയുദ്ധത്തിനു കൂടി സാക്ഷിയാവുന്നുണ്ട്. അജിത്തിൻറെ തുനിവിനൊപ്പം തിയറ്ററുകളിലെത്തുന്ന മറ്റൊരു പ്രധാന ചിത്രം വിജയ്‍യുടെ വാരിസ് ആണ്. വംശി പൈഡിപ്പള്ളിയാണ് വാരിസിൻറെ സംവിധായകൻ. നീണ്ട ഒൻപത് വർഷങ്ങൾക്കു ശേഷമാണ് അജിത്ത് കുമാർ , വിജയ് ചിത്രങ്ങൾ ഒരേ സമയത്ത് തിയറ്ററുകളിൽ എത്തുന്നത്. 2014 ൽ ആണ് ഇതിനുമുൻപ് വിജയ്, അജിത്ത് ചിത്രങ്ങൾ ഒരേ സമയം തിയറ്ററുകളിൽ എത്തിയത്. ജില്ലയും വീരവുമായിരുന്നു അന്നത്തെ ചിത്രങ്ങൾ.

Top