എല്ലാ ഭാഷകളിലും ട്രെൻഡിങ് ലിസ്റ്റിൽ! നെറ്റ്ഫ്ലിക്സില്‍ നേട്ടവുമായി ‘തുനിവ്’

പൊങ്കല്‍ റിലീസുകളായി തമിഴില്‍ നിന്ന് ഇത്തവണ രണ്ട് സൂപ്പര്‍താര ചിത്രങ്ങളാണ് എത്തിയത്. വിജയ്‍യെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രം വാരിസും അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്ത ആക്ഷന്‍ ഹെയ്സ്റ്റ് ചിത്രം തുനിവും. ജനപ്രീതിയിലും ബോക്സ് ഓഫീസ് കളക്ഷനിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നെങ്കിലും അക്കൂട്ടത്തില്‍ പരാജയങ്ങള്‍ ഇല്ല. തുനിവിനേക്കാള്‍ കളക്ഷന്‍ നേടിയത് വിജയ്‍യുടെ വാരിസ് തന്നെയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഒടിടി റിലീസില്‍ വലിയ നേട്ടമുണ്ടാക്കുകയാണ് തുനിവ്.

ഫെബ്രുവരി 8 ന് നെറ്റ്ഫ്ലിക്സിലൂടെയായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിന്റെ ഫെബ്രുവരി 6 മുതല്‍ 12 വരെയുള്ള വാരത്തില്‍ സിനിമകള്‍ നേടിയ ജനപ്രീതിയുടെ ലിസ്റ്റിലെ മുഖ്യ സ്ഥാനത്തുണ്ട് അജിത്ത് കുമാര്‍ ചിത്രം. ഇന്ത്യയില്‍ സ്ട്രീം ചെയ്ത ചിത്രങ്ങളില്‍ തുനിവ് ഹിന്ദി പതിപ്പ് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് തുനിവ് തമിഴ് പതിപ്പും നാലാം സ്ഥാനത്ത് തുനിവ് തെലുങ്ക് പതിപ്പായ തെഗിമ്പുമാണ്. നെറ്റ്ഫ്ലിക്സ് തന്നെ നല്‍കിയിരിക്കുന്ന കണക്ക് അനുസരിച്ച് 40.50 ലക്ഷം വാച്ചിംഗ് അവേഴ്സ് ആണ് ചിത്രത്തിന് ഈ വാരം ആകെ ലഭിച്ചിരിക്കുന്നത്.

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമാണിത്. മഞ്ജു വാര്യര്‍ നായികയായ ചിത്രത്തില്‍ വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

Top