വ്യാഴാഴ്ച മുതല്‍ ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

മസ്‌കറ്റ്: വ്യാഴാഴ്ച മുതല്‍ ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്ന് രാവിലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ അനുഭവപ്പെടുകയുണ്ടായി. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഒമാന്‍ കാര്‍ഷിക- മത്സ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മസ്‌കറ്റ്, മുസന്ദം, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ്യ ഗവര്‍ണറേറ്റുകളിലും ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലെ പര്‍വത മേഖലകളിലും ആണ് ഒറ്റപ്പെട്ട മഴ അനുഭവപെടുന്നത്. എന്നാല്‍ വ്യാഴാഴ്ച മുതല്‍ ഇടി മിന്നലോടുകൂടി ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് ഒമാന്‍ കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. തുടര്‍ച്ചയായി ഞായറാഴ്ച വരെ മഴ തുടരുമെന്നും അറിയിപ്പില്‍ പറയുന്നു.

അറബിക്കടലില്‍ രൂപപ്പെടുന്നന്യൂനമര്‍ദ്ദം മൂലമാണ് കാലാവസ്ഥയില്‍ ഈ വ്യതിയാനം സംഭവിക്കുന്നത്. തീര പ്രദേശങ്ങളില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും , മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top