തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണു; തരൂരിന് പരിക്ക്

തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്കേറ്റു. ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെയാണ് നേതാവിന്റെ തലയില്‍ ത്രാസ് പൊട്ടി വീണത്.

തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്. അപകടം നടന്ന ഉടന്‍ പ്രവര്‍ത്തകര്‍ തരൂരിനെ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍ തരൂരിന്റെ തലയില്‍ ആറ് സ്റ്റിച്ച് ഉണ്ട്.

തുലാഭാരത്രാസ്സില്‍ പ്രവര്‍ത്തകര്‍ തൂങ്ങിയത് കൊണ്ടാണ് ചങ്ങല പൊട്ടിപ്പോയതെന്ന് ക്ഷേത്രം ഭാരവാഹികള്‍ വിശദീകരണം നല്‍കി.

നിര്‍ദ്ദേശം അനുസരിക്കാതെ പ്രവര്‍ത്തകര്‍ ആവശ്യത്തിലധികം പഞ്ചസാര തുലാഭാരത്തട്ടില്‍ എടുത്തുവച്ചെന്ന് ക്ഷേത്രം സെക്രട്ടറി ആര്‍ പി നായര്‍ പറഞ്ഞു.

കൂടാതെ പ്രവര്‍ത്തകര്‍ ചങ്ങലയില്‍ പിടിച്ചു തൂങ്ങുകയും ചെയ്തു. ഇതിനിടെ ഭാരം താങ്ങാന്‍ വച്ചിരുന്ന സ്റ്റൂള്‍ ആരോ എടുത്തുമാറ്റിയെന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു. പെട്ടെന്ന് ഭാരം വന്നപ്പോള്‍ ചങ്ങലയുടെ കൊളുത്ത് നിവര്‍ന്ന് ത്രാസ് പൊട്ടുകയായിരുന്നുവെന്നും ക്ഷേത്രം സെക്രട്ടറി വ്യക്തമാക്കി.

Top