നയന്‍താരയുടെ ‘നെട്രിക്കണ്‍’ ഒടിടി റിലീസിലൂടെ

റൊമാന്റിക് വേഷങ്ങളിലൂടെയും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയും ദക്ഷിണേന്ത്യ മുഴുവന്‍ കൈയടക്കിയ നടിയാണ് നയന്‍താര. തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര കേന്ദ്ര കഥാപാത്രമാകുന്ന ‘നെട്രിക്കണ്‍’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസിനെത്തുകയാണ്. സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് ചിത്രം ഒടിടി റിലീസിന് എത്തുന്നതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

2011ലെ കൊറിയന്‍ ചിത്രം ബ്ലൈന്‍ഡിന്റെ തമിഴ് റീമേക്കാണ് മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന നെട്രിക്കണ്‍. തമിഴില്‍ നെട്രിക്കണ്ണിന്റെ അര്‍ഥം തൃക്കണ്ണ് എന്നാണ്. കൊറിയന്‍ ചിത്രത്തില്‍ കിം ഹാ ന്യൂള്‍ എന്ന അഭിനേത്രിയായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.

നയന്‍താരയുടെ 65-ാം ചിത്രം നിര്‍മിക്കുന്നത് വിഗ്‌നേഷ് ശിവന്റെ ഉടമസ്ഥതയിലുള്ള റൗഡി പിക്ചേഴ്സാണ്. അന്ധയുടെ വേഷത്തില്‍ നയന്‍താര എത്തുന്ന ത്രില്ലര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലേഡി സൂപ്പര്‍ സ്റ്റാറിന്റെ കഴിഞ്ഞ ജന്മദിനത്തില്‍ പുറത്തുവിട്ടിരുന്നു.

ബ്രെയില്‍ ലിപിയില്‍ ഡിസൈന്‍ ചെയ്ത സിനിമയുടെ ടൈറ്റില്‍ പോസ്റ്ററിനെ കൂടുതല്‍ ശ്രദ്ധേയമാക്കി. കാഴ്ചശക്തി നഷ്ടപ്പെട്ട നായിക ശബ്ദം, ഗന്ധം, ദൂരം എന്നിവയുടെ സഹായത്തോടെ അന്വേഷണം നടത്തുന്ന ത്രില്ലര്‍ ചിത്രമാണിത്. അജ്മല്‍ അമീറും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ആര്‍.ഡി രാജശേഖറാണ് ഛായാഗ്രഹകന്‍. ലോറന്‍സ് കിഷോര്‍ എഡിറ്റിങ് നിര്‍വഹിക്കുന്ന നെട്രിക്കണ്ണിന്റെ കലാസംവിധായകന്‍ കമലനാഥനും സംഗീത സംവിധായകന്‍ ഗിരീഷുമാണ്. ചിത്രം തിയേറ്ററുകളിലൂടെ പുറത്തിറക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ നേരിട്ട് ഒടിടി റിലീസിനെത്തുകയാണ്.

 

Top