പൂരലഹരിയില്‍ തൃശൂര്‍; സാമ്പിള്‍ വെടിക്കെട്ട് ഇന്ന് ; കനത്ത സുരക്ഷ

തൃശൂര്‍: തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. നിയന്ത്രണങ്ങളോടെ ശബ്ദ തീവ്രത കുറച്ച് കാഴ്ച്ചയ്ക്ക് പ്രാധാന്യം നല്‍കിയാകും വെടിക്കെട്ട്. ഗുണ്ടും അമിട്ടും കുഴിമിന്നലും ഓലപ്പടക്കവും ഉപയോഗിച്ചാണ് ആകാശപൂരം ഒരുക്കുന്നത്. വൈകീട്ട് 7 മണിക്കാണ് സാമ്പിള്‍ വെടിക്കെട്ട് ആരംഭിക്കുന്നത്. കഴിഞ്ഞ തവണത്തേതിന് സമാനമായി ശബ്ദ തീവ്രത കുറച്ച് ഉപാധികളോടെയാണ് വെടിക്കെട്ടിന് അനുമതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കനത്ത സുരക്ഷയാണ് തൃശൂര്‍ പൂരത്തിന് പൊലീസ് ഒരുക്കിയിരിക്കുന്നത്. തൃശൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ, സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ്ചന്ദ്ര എന്നിവരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷയൊരുക്കുക. തണ്ടര്‍ബോള്‍ട്ട് കമാണ്ടോകള്‍, 10 ഡോഗ് സ്‌ക്വാഡ്,സംസ്ഥാനത്തെ വിദഗ്ദരായ 160 ബോംബ് ഡിറ്റക്ഷന്‍ ടീം, ഷാഡോ പോലീസ്, വനിതാപോലീസ്‌എന്നിങ്ങനെ സുശക്തമായ കാവലിലാണ് ഇത്തവണത്തെ പൂരം.

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രങ്ങളോടെയും, കരുതലോടെയുമാണ് പോലീസ് പരിശോധനയും, സുരക്ഷാ പദ്ധതികളും നടപ്പിലാക്കുക. അഞ്ച് ഐ.പി.എസ് ട്രയ്‌നീസ്, 30 ഡി.വൈ.എസ്.പിമാര്‍, 60 സി.ഐ, 300 എസ്.ഐ, 3000 പോലീസ് ഉദ്യോഗസ്ഥര്‍, 250 വനിതാ പോലീസ്, 130 എസ്.ഐ ട്രയിനീസ് എന്നിവരാണ് ഡ്യൂട്ടിയക്കെത്തുക.

Top