പൂരാവേശം ഇന്ന് കൊടിയിറങ്ങും ; രണ്ട് ദിവസം നീണ്ട ആഘോഷ ദിനങ്ങള്‍ക്ക് പരിസമാപ്തി

തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിലാക്കിയ തൃശൂര്‍ പൂരം ഇന്ന് സമാപിക്കും. ഇന്ന് നടക്കുന്ന പകല്‍ പൂരം കൊട്ടിയവസാനിക്കുന്നതോടെ തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും.

തൃശൂര്‍ നഗരത്തില്‍ വര്‍ണവിസ്മയം തീര്‍ത്ത് ഇന്ന് പുലര്‍ച്ചെ പ്രധാന വെടിക്കെട്ട് നടന്നു. സാമ്പിള്‍ വെടിക്കെട്ടോടെ പൂരപ്രേമികളുടെ മനസ്സില്‍ ഉയര്‍ന്ന പ്രതീക്ഷയെ ഒട്ടും കുറയ്ക്കാത്തതായിരുന്നു ഇന്ന് നടന്ന വെടിക്കെട്ടും. രാത്രി പൂരം കഴിഞ്ഞു ഘടകപൂരങ്ങള്‍ തട്ടകങ്ങളിലേക്ക് തിരിച്ചതോടെയാണ് വെടിക്കെട്ടിന് തുടക്കമായത്.

വെടിക്കെട്ടിന് ആദ്യം തിരിപകര്‍ന്നത് തിരുവമ്പാടി വിഭാഗമാണ്. സജി കുണ്ടന്നൂരാണ് തിരുവമ്പാടിക്കായി വെടിക്കെട്ട് ഒരുക്കിയത്. വൈകാതെ കാത്തിരുപ്പുകള്‍ക്ക് വിരാമമിട്ട് പാറമേക്കാവിന്റെ കരിമരുന്നിലേക്ക് തീപടര്‍ന്നു. കുണ്ടന്നൂര്‍ ശ്രീനിവാസനാണ് പാറമേക്കാവിനായി വിസ്മയം ഒരുക്കിയത്. രണ്ടായിരം കിലോ വെടിമരുന്നാണ് ഇരുവിഭാഗവും ഉപയോഗിച്ചത്. വെടിക്കെട്ട് കാണുന്നതിനായി പതിനായിരക്കണക്കിന് ആളുകളാണ് നഗരത്തിലെത്തിയത്. കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വെടിക്കെട്ട് നടത്തിയത്.

കനത്ത സുരക്ഷയിലായിരുന്നു ഇക്കുറി തൃശൂര്‍ പൂരം. ശ്രീലങ്കന്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ എങ്ങും പൊലീസ് കനത്ത സുരക്ഷയൊരുക്കി.

Top