തൃശൂര്‍ പൂരം പ്രൗഢിയോടെ നടത്തും; കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തൃശൂര്‍: തൃശൂര്‍ പൂരം പ്രൗഢിയോടെ നടത്താന്‍ തീരുമാനമായി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ചടങ്ങുകളില്‍ മാറ്റമില്ല

തൃശൂര്‍ പൂരത്തിനെത്തുന്നവര്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാക്കും. 45 വയസിന് മുകളില്‍ ഉള്ളവര്‍ വാക്സിനേറ്റഡ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. പൂരപറമ്പില്‍ പ്രവേശിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും.10 വയസ്സില്‍ താഴെ ഉള്ള കുട്ടികളെ പൂരപറമ്പില്‍ പ്രവേശിപ്പിക്കില്ല.

തൃശൂര്‍ പൂരം സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. തുടര്‍ന്നാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചത്.

ചീഫ് സെക്രട്ടറിയുമായുള്ള യോഗത്തിന് ശേഷം ഉച്ചയ്ക്ക് ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഐഎംഎ ഭാരവാഹികള്‍, സ്വകാര്യ ആശുപത്രി അധികൃതര്‍ എന്നിവരുമായും ചര്‍ച്ച നടത്തും. പൂരത്തിന് പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിക്കുകയാണ് ലക്ഷ്യം. പൂരത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും, ദേവസ്വങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി വൈകീട്ട് തൃശൂര്‍ പൂര നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപം നല്‍കിയ പ്രത്യേക സമിതിയും യോഗം ചേരും. ഈ മാസം 17നാണ് പൂരം കൊടിയേറുക. 23നാണ് തൃശൂര്‍ പൂരം.

 

Top