പൂരപ്രേമികളെ ആവേശത്തിലാക്കിയ തൃശൂര്‍ പൂരത്തിന് സമാപനം. . .

തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിലാക്കിയ തൃശൂര്‍ പൂരത്തിന് സമാപനമായി. പകല്‍ പൂരവും കഴിഞ്ഞതോടെയാണ് പൂരത്തിന് സമാപനമായത്.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ പൂരാവേശം കൊടിയിറങ്ങി. 2020 മെയ് 2 നാണ് ഇനി അടുത്ത പൂരം നടക്കുക.

ശക്തന്റെ തട്ടകവാസികളുടെ പൂരമായിരുന്നു ഇന്ന് നടന്നത്. രാവിലെ മണികണ്ഠനാല്‍ പരിസരത്തു നിന്നും പാറമേക്കാവിന്റെയും നായ്ക്കനാല്‍ പരിസരത്തു നിന്നും തിരുവമ്പാടിയുടെയും എഴുന്നള്ളത്ത് ആരംഭിച്ചു. പിന്നീട് ഉപചാരം ചൊല്ലി. ഇരു ഭഗവതിമാരും ശ്രീമൂല സ്ഥാനത്ത് നിലയുറപ്പിച്ച് അടുത്ത കൊല്ലം കാണാമെന്ന ഉറപ്പില്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൊട്ടുപിന്നാലെയായിരുന്നു പകല്‍ വെടിക്കെട്ട് നടന്നത്.

കനത്ത സുരക്ഷയിലായിരുന്നു ഇക്കുറി തൃശൂര്‍ പൂരം നടന്നത്. ശ്രീലങ്കന്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ എങ്ങും പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു.

Top